പൂർത്തിയാക്കുന്നവയിൽ 50 കോടിക്കു മുകളിലുള്ള 125 പദ്ധതിയും

ഡിസംബറിനുള്ളിൽ സംസ്ഥാനത്ത്‌ 5063 കോടി രൂപയുടെ കിഫ്‌ബി പദ്ധതികൾ പൂർത്തിയാക്കും. കോവിഡ്‌ പശ്ചാത്തലത്തിൽ തടസ്സങ്ങൾ ഒഴിവാക്കാനുള്ള കർമപരിപാടിക്ക്‌ കിഫ്‌ബി രൂപംനൽകി. 6,26,289 ചതുരശ്ര മീറ്റർ കെട്ടിടനിർമാണം, 635 കിലോമീറ്റർ റോഡ്‌, 18,450 കിലോമീറ്ററിൽ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ, അഞ്ച്‌ കുടിവെള്ളപദ്ധതി, കുപ്പിവെള്ള ഉൽപ്പാദന ഫാക്ടറി തുടങ്ങിയവയും ലക്ഷ്യത്തിലുണ്ട്‌.

തൊഴിലാളിക്ഷാമം രൂക്ഷമാണ്‌. കൊച്ചി ഇന്നവേഷൻ സോണിൽ 220 നിർമാണത്തൊഴിലാളികൾ ദിവസവും വേണം. ഇപ്പോഴുള്ളത്‌‌ അറുപതിൽതാഴെ. നിർമാണവസ്‌തുക്കൾക്കും സാധനസാമഗ്രികൾക്കും ക്ഷാമമാണ്‌. വിലയും ഉയരുന്നു.  50 കോടിക്കു മുകളിലുള്ള 125 പദ്ധതി ഡിസംബറിനുള്ളിൽ തീരും. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ ഫ്ലൈ ഓവറുകൾ ഉടൻ പൂർത്തിയാക്കും.

പൊതുമരാമത്തിലെ 1374 കോടിയുടെ 45 പദ്ധതി പട്ടികയിലുണ്ട്‌.  627 കിലോമീറ്ററിൽ 39 റോഡിന്റെ ചെലവ്‌ 1166 കോടി. 208 കോടിയിൽ ആറ്‌ പാലവും ഫ്‌ളൈ ഓവറുകളും പൂർത്തിയാകും. ജലവിഭവ വകുപ്പിന്‌ 166 കോടിയുടെ പദ്ധതികളുണ്ട്‌. സർക്കാർ ആശുപത്രികൾക്ക്‌ 145 കോടിയിൽ 76,068 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കും. 180 സ്‌കൂളുകൾക്ക്‌  754 കോടിയിൽ 3,05,487 ചതുരശ്രമീറ്റർ കെട്ടിടം പണിയും. 12 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ 188 കോടിയുടെ വികസനവുമുണ്ട്‌. ഐടി വകുപ്പിന്‌ 1748 കോടിയുടേതാണ്‌ ലക്ഷ്യം. 

106 കോടിയിൽ 12 സ്‌റ്റേഡിയം പൂർത്തിയാക്കും. തൃശൂർ സുവോളജിക്കൽ പാർക്ക്‌ (270 കോടി), കോട്ടൂർ ആന പുനരധിവാസകേന്ദ്രം (61.23 കോടി),  ആറ്‌ സാംസ്‌കാരിക സമുച്ചയങ്ങൾക്ക്‌ 2611 ചതുരശ്ര മീറ്റർ കെട്ടിടം (168.48 കോടി), പ്രീമെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ ഹോസ്റ്റൽ നവീകരണപദ്ധതിയിൽ 25,042 ചതുരശ്ര മീറ്റർ കെട്ടിടം (50.58 കോടി), ആലപ്പുഴ ഹെറിറ്റേജ്‌ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടം, റവന്യു വകുപ്പിന്‌ 3655 ചതുരശ്ര മീറ്റർ കെട്ടിടം, 20 രജിസ്‌ട്രേഷൻ ഓഫീസുകളുടെ നിർമാണം എന്നിവയും ഡിസംബറിനുള്ളിൽ പൂർത്തിയാക്കും.

11-Jun-2020