രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ രാജസ്ഥാനിലും വലിയ രാഷ്‌ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നു. പാർടി എംഎൽഎമാരെ റാഞ്ചാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വെളിപ്പെടുത്തിയതിനു പിന്നാലെ മുഴുവൻ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. കൂറുമാറ്റം ഭയന്ന് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെയും രാജസ്ഥാനിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.
ഓരോ കോൺഗ്രസ് എംഎൽഎമാർക്കും 25 കോടി വീതം ബിജെപി വാഗ്‌ദാനം ചെയ്‌തുവെന്നാണ് അശോക് ഗെഹ്‌ലോട്ട് വെളിപ്പെടുത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്ന് മധ്യപ്രദേശിൽ അട്ടിമറിക്ക് കളമൊരുക്കിയത് മാസങ്ങൾക്ക് മുൻപായിരുന്നു. രാജസ്ഥാനിലും സമാന മാതൃകയാണ് ബിജെപി പരീക്ഷിക്കുന്നത്.
245 അംഗ രാജ്യസഭയിൽ എൻഡിഎയുടെ അംഗബലം 91 മാത്രം. അംഗബലം നൂറിലധികമാക്കാനാണ് ശ്രമം. ഇതിനായാണ് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ എംഎൽഎമാരെ ചാക്കിലാക്കുന്നത്. ഗുജറാത്തിൽ നിന്ന് രണ്ടും മധ്യപ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരെയും ജയിപ്പിക്കാനുള്ള അംഗബലമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് നിയമസഭകളിൽ ഉണ്ടായിരുന്നത്. എന്നാൽ, ഗുജറാത്തിൽനിന്ന് മൂന്നും മറ്റിടങ്ങളിൽനിന്ന് രണ്ടുവീതവും പേരെ ജയിപ്പിക്കാനുള്ള കുതിരക്കച്ചവടാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി ലക്ഷ്യത്തിലേക്ക് എത്തി.
കെ സി വേണുഗോപാൽ, നീരജ് ദങ്കി എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളായ രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107, ബിജെപിക്ക് 72 വീതം അംഗങ്ങളാണുള്ളത്. സ്വതന്ത്രരും മറ്റുള്ളവരുമായി 21 അംഗങ്ങളും. 51 വോട്ട് ലഭിക്കുന്ന സ്ഥാനാർഥികൾക്ക് ജയിക്കാം. ഇവിടെ കോൺഗ്രസിലെ അന്തഃഛിദ്രം മുതലെടുക്കാനാണ് ബിജെപി രണ്ട് സ്ഥാനാർഥിയെ നിർത്തിയതെന്ന് പാർടി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂർണിയ പറഞ്ഞു.
മാർച്ചിലെ തെരഞ്ഞെടുപ്പിനുശേഷം രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 81ൽനിന്ന് 75 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അംഗബലം 84 ആയി ഉയർത്താനാകുമെന്ന് ബിജെപി കരുതുന്നു. ജെഡിയു (അഞ്ച്), എസ്എഡി (മൂന്ന്) അടക്കം ഇതര എൻഡിഎ കക്ഷികളുടെ അംഗബലം 16 ആണ്. യുപിഎയ്ക്ക് 61ഉം എൻഡിഎയിലും യുപിഎയിലും ഉൾപ്പെടാത്ത കക്ഷികൾക്കെല്ലാമായി 68ഉം അംഗങ്ങളുണ്ട്. മാർച്ച് 26ന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് 19ലേക്ക് മാറ്റിയത്. 55 സീറ്റാണ് ഒഴിവുവന്നത്. 37 പേർ എതിരില്ലാതെ ജയിച്ചു. ശേഷിച്ച 18 സീറ്റിലെയും ജൂൺ, ജൂലൈ മാസങ്ങളിൽ ഒഴിവുവരുന്ന ആറ് സീറ്റിലെയും തെരഞ്ഞെടുപ്പാണ് നടക്കുന്നത്.