ഡൽഹിയിൽ കോവിഡ് മരണം 2000 കടന്നെന്ന് മുനിസിപ്പൽ കോർപറേഷനുകൾ. അതിന്റെ പകുതിയേ ഉള്ളൂവെന്ന് ഡല്‍ഹി സര്‍ക്കാര്‍. വ്യാഴാഴ്‌ചവരെ സർക്കാർ കണക്കിലുള്ളത് 1084 മരണം. മരണസംഖ്യ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണത്തിന് പിന്‍ബലമേകുന്നതാണ് ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പൽ കോർപറേഷനുകൾക്കു കീഴിലുള്ള ശ്‌മശാനങ്ങളിൽ സംസ്കരിച്ച മൃതദേഹങ്ങളുടെ എണ്ണം. 2098 കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചെന്നാണ് ശ്‌മശാന രേഖകൾ.
ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപറേഷനു കീഴിലെ ശ്‌മശാനങ്ങളിൽ 1080 മൃതദേഹം സംസ്‌കരിച്ചു. ഉത്തര ഡല്‍ഹി 976, പൂർവ ഡൽഹി 42 മൃതദേഹംവീതവും സംസ്കരിച്ചു. എന്നാല്‍, ഇതുകൂടാതെ കോവിഡ് സംശയിക്കുന്ന 200 മൃതദേഹം സംസ്‌കരിച്ചെന്ന് ഉത്തര ഡൽഹി മുനിസിപ്പൽ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ജയ് പ്രകാശ് അവകാശപ്പെട്ടു. ബിജെപി ഭരണത്തിലുള്ള മൂന്ന് കോർപറേഷനുകളും സംയുക്തമായാണ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്.
കോവിഡ് മരണം സ്ഥിരീകരിക്കുന്നതിന് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സമിതി നിഷ്‌പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും രാഷ്‌ട്രീയ തർക്കങ്ങൾക്കുള്ള സമയമല്ലെന്നും ഡൽഹി സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.