അഞ്ച് സംസ്ഥാനത്തിന് ഹോട്ടലുകൾ, സ്‌റ്റേഡിയങ്ങൾ തുടങ്ങിയവ കിടത്തി ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റേണ്ടിവരും.
അഡ്മിൻ
ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. ഐസിയു കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ കിടക്ക എന്നിവയ്ക്ക് പല സംസ്ഥാനത്തും കടുത്ത ക്ഷാമമുണ്ടെന്ന് ചീഫ് സെക്രട്ടറിമാരുമായും ആരോഗ്യ സെക്രട്ടറിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വെളിപ്പെടുത്തി. ജൂൺ അവസാനത്തോടെയും ജൂലൈയിലുമായി അപര്യാപ്തത പരിഹരിക്കാനാണ് നിര്‍ദേശം. ഹോട്ടലുകൾ, സ്‌റ്റേഡിയങ്ങൾ തുടങ്ങിയവ കിടത്തി ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റേണ്ടിവരും.
മഹാരാഷ്ട്ര, ഡൽഹി, യുപി, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ജൂൺ–-ആഗസ്‌ത് കാലയളവിൽ ഇവിടങ്ങളില്‍ ഉണ്ടാകുന്ന രോഗക്കുതിപ്പിന് അനുസരിച്ച് ചികിത്സാ സൗകര്യമില്ല. ഡൽഹിയിൽ ജൂൺ മൂന്നുമുതൽ ഐസിയു കിടക്ക ലഭ്യമല്ല. വെള്ളിയാഴ്‌ച മുതൽ വെന്റിലേറ്ററുകൾക്കും ക്ഷാമമായി. ഇരുപത്തഞ്ചോടെ ഓക്‌സിജൻ സിലിൻഡറോടുകൂടിയ ഐസൊലേഷൻ കിടക്ക കിട്ടാതാകും. മഹാരാഷ്ട്രയിൽ ജൂലൈ ഇരുപതോടെ വെന്റിലേറ്ററുകളും ആഗസ്‌ത് ആദ്യവാരംമുതൽ ഐസിയു കിടക്കയും കിട്ടാതാകും. തമിഴ്‌നാട്ടിൽ ജൂലൈ ഒമ്പതോടെ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ജൂലൈ 21 മുതൽ ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ കിടക്കയും ലഭിക്കില്ല. ഹരിയാന, കർണാടക, ജമ്മു–-കശ്‌മീർ, മധ്യപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലും ആരോഗ്യപരിചരണ പശ്ചാത്തല സംവിധാനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടും. ഇപ്പോഴത്തെ തോത് തുടർന്നാൽ ഗുരുഗ്രാം, മുംബൈ, താനെ, പാൽഘർ, ചെന്നൈ, ജൽഗാവ്, നോയിഡ എന്നിവയടക്കം 17 ജില്ലയിൽ ഒരു മാസത്തിനകം ആശുപത്രി സംവിധാനങ്ങളുടെ അപര്യാപ്‌തത നേരിടേണ്ടിവരും.
ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗസ്ഥിരീകരണ നിരക്ക് (അയക്കുന്ന സാമ്പിളിൽ പോസിറ്റീവാകുന്ന കേസിന്റെ എണ്ണം) വർധിക്കുന്നതിലും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. അടച്ചിടൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ മെയ് 18 ന് ശേഷമുള്ള മൂന്നാഴ്‌ച കാലയളവിൽ 98 ജില്ലകളിലേക്ക് പുതിയതായി രോഗം പടര്‍ന്നു. കിഴക്കൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രോഗവ്യാപനത്തിലും ക്യാബിനറ്റ് സെക്രട്ടറി ആശങ്ക രേഖപ്പെടുത്തി.