മോഡി ദത്തെടുത്ത വാരാണസിയിലെ ദൊമാരി ഗ്രാമത്തിലെ ജനങ്ങള്‍ അടച്ചുപൂട്ടൽകാലത്ത് പട്ടിണിയിലായെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഓൺലൈൻ മാധ്യമം സ്ക്രോൾ, എക്സിക്യൂട്ടീവ് എഡിറ്റർ സുപ്രിയ ശർമയെ കേസില്‍പ്പെടുത്തി യുപി. പട്ടികവിഭാഗത്തിനെതിരായ അതിക്രമം തടയൽ, അപകീർത്തിപ്പെടുത്തൽ, പകര്‍ച്ചവ്യാധി പരത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം പാവപ്പെട്ടവര്‍ പട്ടിണിയിലായെന്നും ദുരിതാശ്വാസ ഭക്ഷണക്കിറ്റുകൾ ഗ്രാമത്തിൽ ലഭിച്ചില്ലെന്നുമാണ് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തത്. വേതനം മുടങ്ങിയ വീട്ടുജോലിക്കാരിയായ ദളിത് സ്‌ത്രീക്ക് റേഷൻകാർഡ് ഇല്ലാത്തതിനാൽ ജില്ലാ ഭരണസംവിധാനത്തിൽനിന്ന് സഹായം ലഭിച്ചില്ലെന്ന വിവരവും വെളിപ്പെടുത്തി. എന്നാൽ, ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന വാദമുയര്‍ത്തിയാണ് കേസ്. എന്നാല്‍, റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി സ്‌ക്രോൾ അറിയിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ നിശ്ശബ്ദമാക്കാനും അടച്ചുപൂട്ടലിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ അവസ്ഥ പുറംലോകം അറിയാതിരിക്കാനുമുള്ള ശ്രമമാണ് കേസ് എന്നും സ്ക്രോള്‍ പ്രതികരിച്ചു.
കേസില്‍പ്പെടുത്തിയത് 55 മാധ്യമപ്രവർത്തകരെ അടച്ചുപൂട്ടൽകാലത്തെ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ 55 മാധ്യമപ്രവർത്തകരെ കേസില്‍ കുടുക്കിയെന്ന് റൈറ്റ്‌സ് ആൻഡ് റിസ്‌ക്‌സ് അനാലിസിസ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. 11 കേസെടുത്ത യുപിയാണ് ഒന്നാമത്. ജമ്മു കശ്‌മീർ, ഹിമാചൽപ്രദേശ്, തമിഴ്‌നാട്, ബംഗാൾ, ഒഡിഷ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. വാരാണസിയിൽ കൊയ്‌രിപ്പുരിൽ മുസഹാർ വിഭാഗത്തിലെ കുട്ടികൾ അടച്ചുപൂട്ടൽകാലത്ത് വിശപ്പടക്കാൻ പുല്ലുതിന്ന വാർത്ത റിപ്പോർട്ടുചെയ്‌ത ജനദേശ് ടൈംസും നിയമനടപടി നേരിട്ടു.