ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
ദുബായി ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരിച്ചുപോകുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 10 മുതല്‍ ടൂറിസ്റ്റുകള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും വിമാന മാര്‍ഗം എത്താനും ദുബായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.