ഈ മാസം രണ്ടാം തവണയാണ്‌ ലഫ്‌. ജനറൽതലത്തിൽ കൂടിക്കാഴ്ച നടന്നത്

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ജൂൺ 15ന്‌ രാത്രി ഉണ്ടായ ഏറ്റുമുട്ടലിൽ ചൈനീസ്‌ കമാൻഡിങ്‌ ഓഫീസർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ലേ 14–-ാം കോർപ്‌സ്‌ കമാൻഡർ ലഫ്‌. ജനറൽ ഹവീന്ദർസിങ്ങും ചൈനീസ്‌ മേജർ ജനറൽ ലിയു ലിന്നും നടത്തിയ ചർച്ചയിലാണ് ചൈന ഇക്കാര്യം അറിയിച്ചത്.  ഇതാദ്യമായാണ് ആള്‍നാശം സംഭവിച്ചതായി ചൈന സ്ഥിരീകരിക്കുന്നത്. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്രവാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

ചൂഷൂവിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ വച്ചായിരുന്നു ചർച്ച. അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാനും സൈനികപിന്മാറ്റ പ്രകിയ പുനരാരംഭിക്കാനുമാണ് ചര്‍ച്ച. ഈ മാസം രണ്ടാം തവണയാണ്‌ ലഫ്‌. ജനറൽതലത്തിൽ കൂടിക്കാഴ്ച നടന്നത്‌. അതേസമയം, നിർണായകമായ ഇന്ത്യ, ചൈന, റഷ്യ ത്രികക്ഷി യോഗം ചൊവ്വാഴ്‌ച ചേരും. വിദേശമന്ത്രി എസ്‌ ജയശങ്കറും ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യിയും വീഡിയോകോൺഫറൻസ്‌ സംവിധാനത്തിലൂടെ യോഗത്തിൽ പങ്കെടുക്കും. നിലവിലെ സാഹചര്യത്തിൽ യോഗത്തിന്‌ അതീവ പ്രാധാന്യമുണ്ട്‌.

 

23-Jun-2020