രോഗവ്യാപനം വർധിച്ചതിനെ തുടർന്ന് റാലി മാറ്റി വയ്‌ക്കണമെന്ന് തദ്ദേശ ആരോഗ്യ കേന്ദ്രം അറിയിച്ചിരുന്നു.
അഡ്മിൻ
അമേരിക്കയിൽ കോവിഡ് രോഗികൾ വർധിക്കുമ്പോഴും തെരഞ്ഞെടുപ്പ് റാലികളുമായി മുന്നോട്ടു പോകാൻ ട്രംപ്. കോവിഡ് ജാഗ്രതാ നിർദേശം ലംഘിച്ചാണ് ഒക്‌ലഹാമയിലെ ടൾസയിൽ റാലി നടത്താൻ തീരുമാനിച്ചത്.
റാലിയിൽ പ്രതീക്ഷിച്ചത്രയും ജനങ്ങൾ എത്താതിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ ട്രംപ് തീരുമാനിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർഥി ഡോ. ബൈഡൻ തീവ്രഇടതുപക്ഷ പാർടികളുടെ ‘നിസ്സഹായനായ യന്ത്രപ്പാവ’യാണെന്ന് ട്രംപ് പരിഹസിച്ചു. പുതിയ അഭിപ്രായ സർവേ അനുസരിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡനേക്കാൾ പിന്നിലാണ് ട്രംപ്.
റാലിയിൽ ട്രംപിന്റെ മകൻ എറിക്ക് വംശീയവിദ്വേഷത്തിനെതിരായ സമരങ്ങളിൽ പങ്കെടുക്കുന്നവർ മൃഗങ്ങളെന്ന് അധിക്ഷേപിച്ചു. ടൾസയിൽ രോഗവ്യാപനം വർധിച്ചതിനെ തുടർന്ന് റാലി മാറ്റി വയ്‌ക്കണമെന്ന് തദ്ദേശ ആരോഗ്യ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, റിപ്പബ്ലിക്കൻ പാർടി നേതൃത്വം ഇത് തള്ളി. റാലിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും മാസ്‌ക് ധരിച്ചില്ല.
കറുത്ത വംശജരോടുള്ള അതിക്രമത്തിന് കുപ്രസിദ്ധമാണ് ടൾസ. 100 വർഷത്തിന് മുമ്പ് വംശീയകൊലകൾ നടന്ന സ്ഥലം കൂടിയാണിത്. ഇവിടെമാത്രം നാലു ലക്ഷം കറുത്ത വംശജരുണ്ട്. 19000 ഇരിപ്പിടമുള്ള ടൾസയിലെ സദസ്സിൽ പകുതിയിലധികം ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ട്രംപിന്റെ പ്രചാരണ റാലിക്ക് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് സംഘത്തിലെ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.