81.37 കോടി രൂപ ഇതിനായി വകയിരുത്തി

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ചെറുപയര്‍, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങി 9 ഇനങ്ങളാണ് അരിയ്ക്കു പുറമേ നല്‍കുന്നത്.

 സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യ വാരത്തോടെ കിറ്റുകള്‍ വിതരണം ചെയ്യും.

ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്‌ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ട്.

 ഏറ്റവും കൂടുതല്‍ ടിവി വിതരണം ചെയ്തത് കണ്ണൂരിലാണ്. 176 എണ്ണം. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത് കൊച്ചി സിറ്റിയിലാണ്. 40 എണ്ണം. സ്‌പോണ്‍സര്‍മാരുടേയും താല്‍പര്യമുള്ള മറ്റ് വ്യക്തികളുടേയും സഹായത്തോടെയാണ് ഇവ സംഭരിച്ചുനല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
 

23-Jun-2020