സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 111.

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 79 പേർ വിദേശത്ത് നിന്നും 52 പേർ മറ്റ് സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. സമ്പർക്കം മൂലം ഒൻപത് പേർക്കും ഒരു ഹെൽത്ത് വർക്കർക്കും രോഗം ബാധിച്ചു. 60 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചവർ: ഡൽഹി-16, തമിഴ്നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാൾ-2, ഉത്തർ പ്രദേശ്-2, കർണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചൽ പ്രദേശ്-1.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂർ-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂർ-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂർ-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂർ-1.

കഴിഞ്ഞ അഞ്ച് ദിവസമായി നൂറിലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 138 കേസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഇദ്ദേഹം ഡൽഹിയിൽ നിന്നെത്തിയതാണ്.

രോഗലക്ഷണങ്ങളില്ലാതെ ചിലർ രോഗബാധിതരാകുന്നു. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളുമുണ്ട്. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

23-Jun-2020