ഉയരുക മാതൃകാ ഗ്രാമം: മുഖ്യമന്ത്രി

പ്രളയജലം വിഴുങ്ങിയ സ്വപ്‌നങ്ങൾ ഇനി പൂത്തക്കൊല്ലിയിൽ പൂവണിയും. ഉരുൾപൊട്ടലിൽ നാമാവശേഷമായ പുത്തുമലയെ പൂത്തക്കൊല്ലിയിൽ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ‘ഹർഷ’ത്തിന്‌ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്‌തു. മേപ്പാടി കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്‌റ്റേറ്റിൽനിന്ന്‌ ‘മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റ്‌’ ‌വിലയ്‌ക്കുവാങ്ങി സർക്കാരിന്‌ നൽകിയ ഏഴേക്കറിലാണ്‌ പദ്ധതി‌. 52 വീട്‌ ആദ്യഘട്ടത്തിൽ നിർമിക്കും. ആറരലക്ഷം രൂപയാണ്‌ ഒരു വീടിന്‌ ചെലവഴിക്കുക‌. നാലുലക്ഷം രൂപ ‌ സർക്കാരും ബാക്കി സന്നദ്ധസംഘടനകളും നൽകും. കാലിക്കറ്റ്‌ കെയർ ഫൗണ്ടേഷൻ, എസ്‌വൈഎസ്‌, ഹ്യൂമൺറൈറ്റ്‌ പ്രൊട്ടക്‌ഷൻ മിഷൻ, തണൽ, പീപ്പിൾ ഫൗണ്ടേഷൻ, ആക്‌ടോൺ എന്നീസംഘടനകൾ‌ സഹായിക്കും. എൻജിനിയേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്ററാണ് വീടിന്റെ രൂപരേഖ തയ്യാറാക്കിയത്. 43 കുടുംബത്തിന്‌ മറ്റു പ്രദേശങ്ങളിൽ താമസസൗകര്യം ഉറപ്പാക്കി. 56 കുടുംബത്തിനാണ് കോട്ടപ്പടിയിൽ മാതൃകാഗ്രാമം ഒരുക്കുന്നത്. റവന്യൂ  മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. മാതൃഭൂമി മാനേജിങ്‌ ഡയറക്‌ടർ എം വി ശ്രേയാംസ്‌കുമാർ മുഖ്യാതിഥിയായി. 2019 ആഗസ്‌ത്‌ എട്ടിനാണ്‌ പുത്തുമലയിൽ ഉരുൾപൊട്ടി ‌17 പേർ മരിച്ചത്‌.

ഉയരുക മാതൃകാ ഗ്രാമം: മുഖ്യമന്ത്രി
ഒന്നിച്ചുനടന്നും കൂട്ടായി ജീവിച്ചും ഒരു സമൂഹം രൂപപ്പെടുന്ന രീതിയിൽ മാതൃകാ ഗ്രാമമാണ് പുത്തുമലയിൽ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.    ‘ഹർഷം’ പദ്ധതി ഓൺലൈനിൽ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

മൂന്നുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കും. കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള എല്ലാ സൗകര്യവും ഇവിടെയുണ്ടാകും. സ്വയംതൊഴിൽ സംരംഭങ്ങൾക്കുള്ള സ്ഥലം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം, കുടിവെള്ളസംവിധാനം തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും.

റീബിൽഡ് കേരളയുടെ ഭാഗമായാണ് റീബിൽഡ് പുത്തുമല ആവിഷ്കരിച്ചത്. അതിലെ ആദ്യ പദ്ധതിയാണ് ഹർഷം. പദ്ധതിയുമായി സഹകരിക്കാൻ ആറ്‌ സന്നദ്ധസംഘടന തയ്യാറായിട്ടുണ്ട്.   വീട് നഷ്ടപ്പെട്ടവർക്ക്  വീട്ടുവാടകയും, കൃഷി സ്ഥലം കണ്ടെത്തി നൽകുന്നതിനും മുൻകൈയെടുത്ത മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.



24-Jun-2020