ഘട്ടംഘട്ടമായ പിന്മാറ്റത്തിന്‌ പദ്ധതിയുണ്ടാക്കും

കിഴക്കൻ ലഡാക്കിലെ സംഘർഷപ്രദേശങ്ങളിൽനിന്ന്‌ സേനയെ പിൻവലിക്കാൻ ഇന്ത്യ–- -ചൈന കമാൻഡർ തല ചർച്ചയിൽ ധാരണ. ലേ 14–-ാം കോർ കമാൻഡർ ലഫ്‌. ജനറൽ ഹവീന്ദർസിങ്ങും ദക്ഷിണ ഷിൻജിയാങ്‌ കമാൻഡർ മേജർ ജനറൽ ലിയു ലിന്നും നടത്തിയ ചർച്ചയിലാണ്‌ സമവായം. ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിന്‌ പദ്ധതി തയ്യാറാക്കാൻ ചർച്ച തുടരും. 11 മണിക്കൂർ നീണ്ട ചർച്ച സൗഹൃദാന്തരീക്ഷത്തിൽ ക്രിയാത്മകമായിരുന്നുവെന്ന്‌‌ കരസേനാ വൃത്തങ്ങൾ പറഞ്ഞു. ചൈനയുടെ അപേക്ഷപ്രകാരം ചൂഷുവിലെ മോൾഡോയിൽ ആയിരുന്നു ചർച്ച.

മെയ്‌ അഞ്ചിന്‌ പാംഗോങ്‌ തടാകതീരത്തുണ്ടായ ഉരസലിനുമുമ്പുള്ള സ്ഥിതിയിലേക്ക്‌ ചൈനീസ്‌ സേന പിന്മാറണമെന്നാണ്‌ ഇന്ത്യയുടെ ആവശ്യം‌.  ഇതനുസരിച്ച്‌ ഫിംഗർ 4 മുതൽ ഫിംഗർ 8 വരെയുള്ള ഭാഗത്തുനിന്ന്‌ ചൈന പിന്മാറണം. ഫിംഗർ 8 വരെ ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന മേഖലയാണ്‌. നിർമാണങ്ങളും ഉപേക്ഷിക്കേണ്ടിവരും. യഥാർഥ നിയന്ത്രണരേഖയുടെ ഭാഗംവരെ നിലയുറപ്പിച്ചിട്ടുള്ള പീരങ്കിപ്പടയും കവചിതവാഹനങ്ങളും പിൻവലിക്കാനും പദ്ധതി ആവിഷ്‌കരിക്കും. സേനാ പിന്മാറ്റം പൂർത്തിയാകാൻ മാസങ്ങളെടുക്കുംജൂൺ ആറിന്‌ ഇരു കമാൻഡർമാരും നാല്‌ മണിക്കൂർ കൂടിക്കാഴ്‌ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ സൈനികപിന്മാറ്റ പ്രക്രിയ നടക്കവെയാണ്‌ ഗൽവാൻ താഴ്‌വരയിൽ 15ന്‌ രാത്രി ഏറ്റുമുട്ടലുണ്ടായത്‌. ഇരുപക്ഷത്തും ആൾനാശമുണ്ടായ സംഭവത്തിൽ‌ അതിർത്തി സംഘർഷഭരിതമായെങ്കിലും സമാധാനത്തിലേക്ക്‌ നീങ്ങാൻ സൈനിക–-നയതന്ത്രതലങ്ങളിൽ ചർച്ച തുടരാൻ വിദേശകാര്യമന്ത്രിമാർ ടെലിഫോൺ സംഭാഷണത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ്‌ കോർ‌ കമാൻഡർതല ചർച്ച നടന്നത്‌.

സേനാ മേധാവി  ലഡാക്കിൽ
രണ്ടു ദിവസത്തെ ലഡാക്ക്‌ സന്ദർശനത്തിനെത്തിയ കരസേനാ മേധാവി ജനറൽ എം എം നരവണെ ഗൽവാനിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ്‌ ലേയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെ കണ്ടു.  ചൈനയുമായി നടക്കുന്ന സംഭാഷണങ്ങൾ ജനറൽ നരവണെ വിലയിരുത്തും. ഡൽഹിയിൽ കരസേനാ കമാൻഡർമാരുമായി കൂടിയാലോചന നടത്തിയശേഷമാണ്‌ അദ്ദേഹം ലഡാക്കിലേക്ക്‌ പോയത്‌.

 

24-Jun-2020