ആദ്യമായാണ്‌ ഒരു പ്രമുഖ ടെന്നീസ്‌ താരത്തിന്‌ രോഗബാധയേൽക്കുന്നത്‌

ലോക ഒന്നാംനമ്പർ ടെന്നീസ്‌ താരം നൊവാക്‌ യൊകോവിച്ചിന്‌ കോവിഡ്‌–-19. മുപ്പത്തിമൂന്നുകാരന്റെ ഭാര്യ ജെലീന യൊകോവിച്ചിനും രോഗം സ്ഥിരീകരിച്ചു. ആദ്യമായാണ്‌ ഒരു പ്രമുഖ ടെന്നീസ്‌ താരത്തിന്‌ രോഗബാധയേൽക്കുന്നത്‌.  കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ പണം കണ്ടെത്താനായി യൊകോവിച്ച്‌ നടത്തിയ ആഡ്രിയ ടൂർ പ്രദർശന ടെന്നീസ്‌ ടൂർണമെന്റിലാണ്‌ കോവിഡ്‌ വ്യാപനമുണ്ടായത്‌. യൊകോവിച്ചടക്കം ഈ ടൂർണമെന്റിൽ പങ്കെടുത്ത നാലു കളിക്കാർക്കാണ്‌ രോഗം പിടിപെട്ടത്‌.

യൊകോവിച്ചിന്റെ ഫിറ്റ്‌നസ്‌ പരിശീലകനും കോവിഡ്‌ സ്ഥിരീകരിച്ചു. രണ്ട്‌ പാദങ്ങളിലായി സെർബിയിലും ക്രൊയേഷ്യയിലുമായാണ്‌ പ്രദർശന ടൂർണമെന്റ്‌ നടന്നത്‌. കാണികൾക്ക്‌ പ്രവേശനം അനുവദിച്ചായിരുന്നു കളി. ഡൊമിനിക്‌ തീം, അലക്‌സാണ്ടർ സ്വരോവ്‌ എന്നീ പ്രമുഖരടക്കം പങ്കെടുത്തായിരുന്നു ടൂർണമെന്റ്‌. കോവിഡ്‌ ചട്ടങ്ങൾ ഒന്നും പാലിക്കാതെയായിരുന്നു മത്സരം. കളിക്കാരും കാണികളും സാമൂഹ്യ അകലം പാലിച്ചില്ല. മുഖാവരണവും അണിഞ്ഞിരുന്നില്ല. യൊകോവിച്ചിന്‌ പുറമേ ഗ്രിഗൾ ദിമിത്രോവ്‌, ‌ ബോർണ കൊറിക്ക്‌, വിക്ടർ ട്രോയികി എന്നീ കളിക്കാർക്കാണ്‌ രോഗം ബാധിച്ചത്‌. ട്രോയികിയുടെ ഗർഭിണിയായ ഭാര്യക്കും രോഗമുണ്ട്‌.

കോവിഡിനെ തുടർന്ന്‌ ടെന്നീസ്‌ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് യൊകോവിച്ചിന്റെ‌ നേതൃത്വത്തിൽ മത്സരം സംഘടിക്കപ്പെട്ടത്‌.  ടൂർണമെന്റിനിടെ സമൂഹവ്യാപനം നടന്നെന്നാണ്‌ പ്രാഥമിക വിലയിരുത്തൽ. കളിക്കാർ നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്‌. വിവാദമായതോടെ കഴിഞ്ഞദിവസം ടൂർണമെന്റ്‌ റദ്ദാക്കിയിരുന്നു.

24-Jun-2020