പൊലീസിനെതിരെ ഭീഷണിയുമായി കെ മുരളീധരൻ എംപി

കോൺഗ്രസുകാർക്കെതിരെ കേസെടുക്കുന്ന പൊലീസുകാർ അനുഭവിക്കേണ്ടിവരുമെന്ന് കെ മുരളീധരൻ എംപി. കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ എ എം മനുവിനെ തടഞ്ഞുവച്ച് മർദിച്ച കേസിൽ പ്രതികളായ മൂന്ന്‌ കോൺഗ്രസുകാരെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലേക്ക് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. 11 മാസം കഴിഞ്ഞാൽ ഭരണം മാറും. കോൺഗ്രസുകാരെ പ്രതികളാക്കുന്ന പൊലീസുകാർക്ക് പിന്നീട് പെൻഷൻ വാങ്ങാൻ കഴിയില്ല. ഇതിനിടയിൽത്തന്നെ സസ്‌പെൻഷനിൽ പോകേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

അപ്പോൾ രക്ഷിക്കാൻ പിണറായി വിജയനും ടി പി രാമകൃഷ്‌ണനും ഉണ്ടാകില്ല. കലാപത്തിന് പ്രേരിപ്പിച്ച്, ഭീഷണിപ്പെടുത്തി എന്നെല്ലാം പറഞ്ഞ് എനിക്കെതിരെയെങ്ങാൻ കേസെടുത്താൽ ഞാൻ പാർലിമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകും. പിന്നീട് എന്താണ് ഉണ്ടാവുക എന്നറിയാമല്ലോ. ഡൽഹിയിലേക്ക് നടക്കേണ്ടിവരും. അവിടെ ഇതിലും വലിയ കോവിഡാണെന്ന കാര്യം മറക്കണ്ട‐ മുരളീധരൻ പറഞ്ഞു.
 
സ്റ്റേഷന് 100 മീറ്റർ അകലെ മാർച്ച് പൊലീസ് തടഞ്ഞു. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി അമ്പതോളം പേരാണ് മാർച്ചിൽ പങ്കെടുത്തത്. തിങ്കളാഴ്‌ച രാവിലെ പെരുവണ്ണാമൂഴി സ്റ്റേഷനിൽ പ്രതികളെ കാണാനെത്തിയ കെപിസിസി വൈസ് പ്രസിഡന്റ്‌ ടി സിദ്ധീഖും എസ്ഐയെ ഭീഷണിപ്പെടുത്തിയിരുന്നു.



25-Jun-2020