സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ അത്‌ലറ്റികോ ബിൽബാവോയെ തോൽപ്പിച്ചു

സീസണിലെ ആദ്യ ഗോൾ കണ്ടെത്തിയ ഇവാൻ റാകിടിച്ചിലൂടെ ബാഴ്‌സലോണ കടന്നു. സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ അത്‌ലറ്റികോ ബിൽബാവോയെ തോൽപ്പിച്ചു. 31 മത്സരങ്ങളിൽ 68 പോയിന്റോടെ ഒന്നാമതാണ്‌ ബാഴ്‌സ. മുപ്പത്തിമൂന്നാം ജന്മദിനത്തിൽ കളത്തിലിറങ്ങിയ ലയണൽ മെസിയാണ്‌ റാകിടിച്ചിന്റെ ഗോളിന്‌ വഴിയൊരുക്കിയത്‌. കളിജീവിതത്തിലെ എഴുനൂറാം ഗോളിന്‌ ഒന്നകലെയാണ്‌ ഈ അർജന്റീനക്കാരൻ.

രണ്ടു വർഷമായി ബിൽബാവോയ്‌ക്കെതിരെ നല്ല റെക്കോഡല്ല ബാഴ്‌സയ്‌ക്ക്‌. ഈ സീസണിൽ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോഴും തോറ്റു. ഒന്നാമത്തേത്‌ ലീഗിലെ ആദ്യ കളിയിൽ. പിന്നീട്‌ സ്‌പാനിഷ്‌ കപ്പ്‌ ക്വാർട്ടറിലും. ഇത്തവണയും കളത്തിൽ ബിൽബാവോയ്‌ക്ക്‌ മുന്നിൽ ബാഴ്‌സയ്‌ക്ക്‌ താളം കണ്ടെത്താനായില്ല. യുവനിരയുമായി പ്രതിരോധത്തിലൂന്നിയായിരുന്നു ഗറിഷ്യാനോ ഗെയ്‌സ്‌ക ബിൽബാവോയെ ഇറക്കിയത്‌. ഇത്‌ ഫലം കണ്ടു. ‌

കളിയുടെ തുടക്കം ഇരുടീമുകൾക്കും അവസരങ്ങൾ ഒത്തുവന്നെങ്കിലും മുതലാക്കാനായില്ല. ബാഴ്‌സ മധ്യനിരയിൽ പരിക്കേറ്റ ഫ്രെങ്ക്‌ ഡിയോങ്ങിന്റെ അഭാവം തുടർച്ചയായ മൂന്നാം കളിയിലും നിഴലിച്ചു. ഹോളണ്ടുകാരന്‌ പകരമെത്തിയ ആർതർ മെലോയാകട്ടെ നിരാശപ്പെടുത്തി.

രണ്ടാംപകുതി പകരക്കാരനായാണ്‌ റാകിടിച്ചെത്തിയത്‌. ലീഗ്‌ പുനരാരംഭിച്ചതിനുശേഷം ബാഴ്‌സയ്‌ക്കായി മികച്ച കളിയാണ്‌ റാകിടിച്ച്‌ പുറത്തെടുക്കുന്നത്‌. 71–-ാം മിനിറ്റിൽ മെസിയുടെ മുന്നേറ്റത്തിലൂടെയാണ്‌ ഗോൾ വന്നത്‌. അർജന്റീനക്കാരന്റെ ഗോൾമുഖത്തെ നീക്കത്തിനൊടുവിൽ പന്ത്‌ കിട്ടിയ റാകിടിച്ച്‌ അതിവേഗം വലകടത്തി.

സ്‌പാനിഷ്‌ ലീഗിലെ റാകിടിച്ചിന്റെ അമ്പതാം ഗോളായിരുന്നു ഇത്‌. ശനിയാഴ്‌ച സെൽറ്റ വിഗോയുമായാണ്‌ ബാഴ്‌സയുടെ അടുത്ത കളി.

25-Jun-2020