തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ലോക്‌ഡൗൺ ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മർദിച്ചിരുന്നുവെന്ന ആരോപണത്തിൽ കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. മൊബൈൽ കട തുറന്നതിനെ തുടർന്നാണ് ശന്തകുളം പൊലീസ് പി ജയരാജിനെയും മകൻ ജെ ഫെനിക്സിനെയും കസ്റ്റഡിയിലെടുത്തത്. പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജയിലിലേക്ക് കൊണ്ട് വരുമ്പോൾ ഫെനിക്‌സിന്റെ ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു.
ഇരുവരെയും കോവിൽപ്പെട്ടിൽ സബ്‌ജയിലിൽ റിമാൻഡ് ചെയ്‌തിരിക്കുകയായിരുന്നുവെന്ന് തൂത്തുക്കുടി കലക്ടർ സന്ദീപ് നാന്ദുരി പറഞ്ഞു. അസുഖബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെനിക്‌സ് തിങ്കളാഴ്‌ചയും അച്ഛൻ ജയരാജ് ചൊവ്വാഴ്‌ചയും മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൂത്തുക്കുടി എസ്‌പിയോട് സംഭവത്തിൽ ജൂലൈ 26ന് റിപ്പോട്ട് സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഉത്തരവിട്ടു. രണ്ട് എസ്‌ഐമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാതെ ഇരുവരുടെയും മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കൾ.