പ്രതി കർണാടകത്തിൽ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തുമെന്ന്‌ എസിപി എസ്‌ ടി സുരേഷ്‌കുമാർ പറഞ്ഞു

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിയ സഹൽ ഹംസയെ (23) സംഭവസ്ഥലത്ത്‌ എത്തിച്ച്‌ തെളിവെടുത്തു. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ കോളേജിനുപിന്നിലെ ടെമ്പിൾ റോഡിലും പരിസരത്തും വ്യാഴാഴ്‌ച പകൽ 11ന്‌ അന്വേഷണസംഘം തലവൻ എസിപി എസ് ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ടെമ്പിൾ റോഡിലെ ഐഎംഎ ബ്ലഡ്‌ ബാങ്കിന്‌ സമീപ‌ത്താണ്‌ സഹൽ അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്‌. ഈ സ്ഥലം പൊലീസിന്‌ കാണിച്ചുകൊടുത്തു. നവാഗതരെ വരവേൽക്കാൻ എസ്‌എഫ്‌ഐ പെയിന്റ്‌ ചെയ്‌ത കോളേജ്‌ മതിലിൽ, ക്യാമ്പസ്‌ ഫ്രണ്ട്‌ കൈയേറി എഴുതിയതും സഹൽ കാണിച്ചുകൊടുത്തു. നെഞ്ചിൽ കുത്തേറ്റ അഭിമന്യു ജനറൽ ആശുപത്രി ഭാഗത്തേക്കാണ്‌ ഓടിയത്‌. എന്നാൽ 20 മീറ്റർ മാറി‌ കുഴഞ്ഞുവീണു. ഈ സ്ഥലവും തുടർന്ന്‌ താൻ രക്ഷപ്പെട്ട വഴിയും കേസിലെ പത്താംപ്രതിയായ സഹൽ അന്വേഷണസംഘത്തിന്‌ കാണിച്ചുകൊടുത്തു. തെളിവെടുപ്പ്‌ വീഡിയോയിൽ പകർത്തി.

പ്രതി കർണാടകത്തിൽ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തുമെന്ന്‌ എസിപി എസ്‌ ടി സുരേഷ്‌കുമാർ പറഞ്ഞു. കോവിഡ്‌ നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ സർക്കാരിൽനിന്ന്‌ പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ  രണ്ടിടങ്ങളിൽക്കൂടി തെളിവെടുപ്പ് നടത്തും. കൊലയ്‌ക്ക്‌ ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 18-ന്‌ കീഴടങ്ങിയ പ്രതിയെ എട്ട് ദിവസത്തേക്കാണ്‌  പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

26-Jun-2020