സൈനുദ്ദീനെ യാത്രയാക്കാൻ പ്ലാസ്‌മ ദാതാവ് വിനീതും ആശുപത്രിയിലെത്തി

പ്ലാസ്‌മ തെറാപ്പി ചികിത്സയിലൂടെ സംസ്ഥാനത്ത്‌ ആദ്യമായി കോവിഡ്‌ മുക്തി. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയ പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീൻ സഖാഫി (50)യാണ് രോഗമുക്തി നേടിയത്. വെള്ളിയാഴ്ച ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിവിട്ടു. സൈനുദ്ദീനെ യാത്രയാക്കാൻ പ്ലാസ്‌മ ദാതാവ് വിനീതും ആശുപത്രിയിലെത്തി.

ജൂൺ 13നാണ് സൈനുദ്ദീന്‌ രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗിയായിരുന്നു. തുടക്കത്തിൽ‌ ശരാശരി രോഗലക്ഷണങ്ങൾമാത്രമാണ് ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നില മോശമായപ്പോൾ ഐസിയുവിലേക്ക് മാറ്റി. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം‌ പ്ലാസ്‌മ തെറാപ്പി ചികിത്സനൽകി. ചികിത്സ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ  കാര്യമായ പുരോഗതിയുണ്ടായി. വെള്ളിയാഴ്‌ചയോടെ രോഗം പൂർണമായി ഭേദമായി.

എടപ്പാൾ കോലളമ്പ് കല്ലൂരിൽ വീട്ടിൽ വിനീത്‌ മെയ്‌ 27നാണ്‌ കോവിഡ്‌ മുക്തനായി ആശുപത്രിവിട്ടത്‌‌. ചെന്നൈയിൽ ബേക്കറി ജോലിക്കിടെയാണ്‌  വൈറസ് ബാധിച്ചത്‌.
സൈനുദ്ദീന്‌  പ്ലാസ്‌മ തെറാപ്പി നിർദേശിച്ചതോടെ കോവിഡ് നോഡൽ ഓഫീസറായ ഡോ. ഷിനാസ്ബാബുവാണ്‌ വിനീതിനെ സമീപിച്ചത്. ഈമാസം 13ന് ആശുപത്രിയിലെത്തി പ്ലാസ്‌മ നൽകി. സംസ്ഥാനത്തെ ആദ്യ പ്ലാസ്‌മ തെറാപ്പിയിൽ ഭാഗമാകാനായതിൽ സന്തോഷമുണ്ടെന്ന് വിനീത് പറഞ്ഞു.

26-Jun-2020