സ്‌പാനിഷ് ലീഗിൽ റയൽ 31 കളി 68 പോയിന്റ്, ബാഴ്‌സ 31 കളി 68 പോയിന്റ്
അഡ്മിൻ
സ്‌പാനിഷ് ഫുട്‌ബോൾ ലീഗ് ത്രസിപ്പിക്കുന്നു. ഏഴ് കളികൾ ബാക്കിനിൽക്കേ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഒപ്പത്തിനൊപ്പം. 31 കളികളിൽ ഇരുടീമുകൾക്കും 68 പോയിന്റ്. മുഖാമുഖം വന്നപ്പോൾ ബാഴ്‌സയെ കീഴടക്കിയതിന്റെ ബലത്തിൽ റയലാണ് ഒന്നാംസ്ഥാനത്ത്. ശേഷിക്കുന്ന കളികൾ നിർണായകമാണ്. സമനിലപോലും കിരീടമുയർത്താനുള്ള പ്രതീക്ഷകൾക്ക് അന്ത്യം കുറിക്കും.
റയൽ മയ്യോർക്കയെ രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ പട്ടികയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. വിനീഷ്യസ് ജൂനിയറും സെർജിയോ റാമോസും ലക്ഷ്യം കണ്ടു. സ്വന്തംതട്ടകമായ ആൽഫ്രെഡോ ഡീ സ്‌റ്റെഫാനോ സ്‌റ്റേഡിയത്തിൽ റയലിന് മയ്യോർക്ക ഭീഷണിയായില്ല. സസ്‌പെൻഷനിലായ മധ്യനിരക്കാരൻ കാസെമിറോ ഇല്ലാതെയാണ് റയൽ എത്തിയത്. കഴിഞ്ഞ കളിയിൽ പരിക്കേറ്റ് പുറത്തായ റാമോസ് ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടു. അക്രമണമായിരുന്നു പരിശീലകൻ സിനദിൻ സിദാന്റെ ലക്ഷ്യം. കരിം ബെൻസെമയെ മുന്നിലുറപ്പിച്ചു. തൊട്ടുപിന്നാലെയായി വിനീഷ്യസ്, ഏദെൻ ഹസാർഡ്, ഗാരത് ബെയ്‌ൽ എന്നിവർ. ഫെബ്രുവരിക്കുശേഷം ആദ്യമായാണ് ബെയ്‌ൽ റയലിനായി ആരംഭത്തിലേ കളത്തിൽ എത്തുന്നത്. ടോണി ക്രൂസ് പുറത്തിരുന്നു. ഫെഡറികോ വൽവെർദെയ്‌ക്കൊപ്പം ലൂക്കാ മോഡ്രിച്ചിനായിരുന്നു മധ്യനിരയുടെ ചുമതല.
മുന്നേറ്റനിരയ്‌ക്ക് മൂർച്ച നൽകിയ വിന്യാസം റയലിനെ ശക്തരാക്കി. മയ്യോർക്ക പ്രതിരോധത്തിലേക്ക് പന്തുകൾ ഒഴുകി. ബെയ്‌ലിന്റെ ഒന്നാന്തരം ഷോട്ട് ഗോളി മനോളോ റെയ്‌ന തട്ടിയകറ്റി. മോഡ്രിച്ച് ഒരുക്കിയ പന്തിൽനിന്നായിരുന്നു വിനീഷ്യസിന്റെ ഗോൾ. ബോക്‌സിനുള്ളിൽനിന്നു കിട്ടിയ പന്ത് അതിവേഗം വലയിലായി. ഒന്നടിച്ചിട്ടും റയലിന്റെ ദാഹം ശമിച്ചില്ല. വിനീഷ്യസിന്റെ ഉശിരനടി ബാറിൽ തട്ടി. ഹസാർഡിന്റെയും ബെൻസെമയുടെയും ശ്രമങ്ങളും ലക്ഷ്യത്തിലെത്തിയില്ല.
രണ്ടാംപകുതിയും റയൽ തുടർന്നു. നിരന്തരമുള്ള മുന്നേറ്റങ്ങൾ മയ്യോർക്ക പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്തി. റാമേസ് ബോക്‌സിനു വെളിയിൽ ഫൗൾ ചെയ്യപ്പെട്ടു. ഫ്രീക്കിക്. ക്രൂസിന്റെ അഭാവത്തിൽ നായകൻ തന്നെ കിക്കെടുത്തു. പന്ത് വലയിലേക്ക് പറന്നു. റെയ്‌ന കാഴ്‌ചക്കാരനായി. റാമോസ് ആഘോഷിച്ചു. സീസണിലെ പത്താം ഗോൾ. അവസാന നാല് കളികളിലെ മൂന്നാമത്തേതും. പ്രതിരോധിക്കാൻ മാത്രമല്ല ഗോളടിക്കാനും മിടുക്കനാണെന്ന് റാമോസ് വീണ്ടും തെളിയിച്ചു. കൂടുതൽ വഴങ്ങാതെ അവസാന വിസിൽവരെ മയ്യോർക്ക പിടിച്ചുനിന്നു.ഞായറാഴ്‌ച എസ്‌പാന്നെന്യോതിരെയാണ് റയലിന്റെ അടുത്ത കളി. ബാഴ്‌സ ശനിയാഴ്‌ച സെൽറ്റ വിഗോയെ നേരിടും.