കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പിൽ ഏറെ പ്രധാനമാണ് ഓൺലൈൻ ക്ലാസുകളെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു
അഡ്മിൻ
അടച്ചുപൂട്ടൽ സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക് ഐഎസ്ആർഒയുടെ അഭിനന്ദനം. കേരളത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവനും വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ് സി) ഡയറക്ടർ എസ് സോമനാഥും പറഞ്ഞു. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സമകാലിക ജനപഥം മാസികയുടെ ജൂൺ ലക്കത്തിലെ ലേഖനങ്ങളിലാണ് ഇരുവരുടെയും വിലയിരുത്തൽ.
കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പിൽ ഏറെ പ്രധാനമാണ് ഓൺലൈൻ ക്ലാസുകളെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. എഡ്യുസാറ്റ് ഉപഗ്രഹം പ്രയോജനപ്പെടുത്തി കേരളം നടത്തിയ മാതൃകയിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച കേരളത്തിന്റെ തീരുമാനം ഉചിതമാണ്. വിദൂര ഗോത്രവർഗ ഗ്രാമങ്ങളിലെ കുട്ടികൾക്കുപോലും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തി ക്ലാസുകൾ ലഭ്യമാക്കാനുള്ള നടപടികൾ വലിയ വിജയമാകും. കൈറ്റ് വിക്ടേഴ്സ് ചാനലും ഐഎസ്ആർഒയുമായി പരസ്പരപൂരിതമായ ബന്ധമാണുള്ളത്. ഏറെ താൽപ്പര്യത്തോടെയാണ് വിക്ടേഴ്‌സ് ചാനലിന്റെ പ്രവർത്തനങ്ങളെ ഐഎസ്ആർഒ പിന്തുടരുന്നതെന്നും കെ ശിവൻ എഴുതി.
ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്റെ തുല്യാവസരത്തിന് എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം വഴിയൊരുക്കുമെന്ന് എസ് സോമനാഥ് പറഞ്ഞു. രാജ്യത്താദ്യമായി കോവിഡ് ബാധ റിപ്പോർട്ടുചെയ്ത കേരളം തുടക്കത്തിൽ അപകടസാധ്യത തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ചു. എഡ്യുസാറ്റ് എങ്ങനെ വിജയകരമായി ഉപയോഗിക്കാമെന്ന് ഓൺലൈൻ ക്ലാസുകളിലൂടെ കേരളം തെളിയിച്ചു. അടിസ്ഥാന സൗകര്യമില്ലാതിരുന്ന 2.5 ലക്ഷത്തോളം വിദ്യാർഥികൾക്ക് അത് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു.