ഇന്ത്യ–- ചൈന അതിർത്തി സംഘർഷം ആരംഭിച്ചശേഷമാണ് ഈ പ്രതിസന്ധി
അഡ്മിൻ
ചൈനയിൽനിന്നുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി വൈകുന്നതിൽ ആശങ്ക പ്രകടമാക്കി ഇന്ത്യയിൽ നിർമാണകേന്ദ്രങ്ങളുള്ള അമേരിക്കൻ കമ്പനികൾ. മുംബൈ, ചെന്നൈ തുറമുഖങ്ങളില്‍ ചൈനീസ് ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുകയാണെന്ന് അറിയിച്ച് യുഎസ് കമ്പനികൾ കേന്ദ്ര ആഭ്യന്തര വ്യാപാര–- വ്യവസായ പ്രോൽസാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി ഡോ. ഗുരുപ്രസാദ് മഹാപാത്രയ്‌ക്ക് കത്തയച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കസ്‌റ്റംസ് അനുമതി വൈകുന്നതുകൊണ്ട് നിർമാണപ്രവർത്തനം സ്‌തംഭിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങളുള്ള യുഎസ് കമ്പനികളുടെ വേദിയായ യുഎസ്–- ഇന്ത്യ സ്‌ട്രാറ്റജിക്ക് പാർട്‌ണർഷിപ് ഫോറമാണ് കത്തയച്ചത്. ഇന്ത്യ–- ചൈന അതിർത്തി സംഘർഷം ആരംഭിച്ചശേഷമാണ് ഈ പ്രതിസന്ധി. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അനുമതി നൽകേണ്ടെന്ന തീരുമാനമുണ്ടോയെന്ന് കത്തില്‍ ആരായുന്നു. വാർത്താവിതരണം, വാഹനനിർമാണം, വൈദ്യോപകരണങ്ങൾ, ഇ–-മാർക്കറ്റിങ് രംഗത്തുള്ള യുഎസ് കമ്പനികളാണ് ഏറെ പ്രതിസന്ധിയിലായത്.
കസ്‌റ്റംസ് അനുമതി നൽകാത്തതിന് കൃത്യമായ കാരണം അധികൃതർ നൽകിയിട്ടില്ല. ഇന്റലിജൻസ് മുന്നറിയിപ്പ് പ്രകാരമുള്ള പരിശോധന മാത്രമെന്നാണ് കസ്‌റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. 2019 ഏപ്രിൽമുതൽ 2020 ഫെബ്രുവരിവരെ ഇന്ത്യയിലെ ആകെ ഇറക്കുമതിയിൽ 14 ശതമാനവും ചൈനയിൽനിന്നാണ്.