ഫിംഗർ 4ൽ നിലവറകള്‍ പണിത് ചൈന; അരകിലോമീറ്റര്‍ അകലത്തില്‍ ഇന്ത്യ, ചൈന സൈനികവ്യൂഹങ്ങൾ
അഡ്മിൻ
കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകമേഖല സംഘർഷഭരിതമായി തുടരുകയാണെന്ന് സൈനികകേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇന്ത്യയുടെയും ചൈനയുടെയും സൈനികവ്യൂഹങ്ങൾ തമ്മിലുള്ള അകലം അരകിലോമീറ്റര്‍മാത്രം. കിഴക്കൻ ലഡാക്കിലെ 832 കിലോമീറ്റർ അതിർത്തിയിലെ സാഹചര്യം കരസേനാ മേധാവി ജനറൽ എം എം നരവണെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പാംഗോങ്ങിൽ നിലയുറപ്പിച്ച സൈനികരുമായും ജനറൽ നരവണെ കൂടിക്കാഴ്ച നടത്തി.
സിക്കിമിലെ ദോക്‌ലാമിൽ 2018ൽ ഉണ്ടായ 73 ദിവസം നീണ്ട പ്രതിസന്ധിക്കു സമാന സാഹചര്യമാണ് പാംഗോങ്ങിലേതെന്ന് സൈന്യം കരുതുന്നു. പാംഗോങ് തടാകതീരത്ത് ചൈന നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ ഉപഗ്രഹദൃശ്യം പുറത്തുവന്നു. ആയുധം ഒളിപ്പിക്കാനുള്ള നിലവറകൾ അടക്കം തടാകതീരത്തെ ഫിംഗർ 4ൽ ചൈന നിർമിച്ചു. സൈനികരുടെ തോളൊപ്പം ഉയരത്തില്‍ ഭിത്തി കെട്ടിപ്പൊക്കി.
അതേസമയം, ഇവിടെ ഇന്ത്യക്ക് മതിയായ സേനാബലമില്ലെന്ന ധാരണ ശരിയല്ലെന്നും സൈനികകേന്ദ്രങ്ങൾ വ്യക്തമാക്കി. ഏതു സാഹചര്യവും നേരിടാൻ പാകത്തിൽ ഇന്ത്യൻസേന നിരന്നിട്ടുണ്ട്. സാധാരണയിൽ കൂടുതൽ സൈനികരെ നിയോഗിച്ചു. രണ്ട് കിലോമീറ്റർ അകലെയുള്ള ഐടിബിപി താവളത്തിലും സന്നാഹം ശക്തിപ്പെടുത്തി. ഇന്ത്യൻ വിന്യാസത്തിന് അര കിലോമീറ്റർ താഴെയാണ് ചൈനീസ് സൈന്യം. ജൂൺ 22ന് കോർ കമാൻഡർമാരുടെ 11 മണിക്കൂർ നീണ്ട ചർച്ചയില്‍ സേനാബലത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചെങ്കിലും നിർമാണപ്രവർത്തനം നടത്തിയിട്ടുള്ളതിനാൽ അവർ എളുപ്പത്തിൽ പിന്തിരിയാൻ സാധ്യതയില്ലെന്ന് സൈന്യം വിലയിരുത്തുന്നു.