പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ ഷെരീഫ്‌ ആണ്‌ അറസ്‌റ്റിലായത്‌

നടി ഷംന കാസിമിനെ  ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി അറസ്‌റ്റിൽ. പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ ഷെരീഫ്‌ ആണ്‌ അറസ്‌റ്റിലായത്‌. ഇന്ന്‌ പുലർച്ചെയാണ്‌ ഷെരീഫിനെ അറസ്‌റ്റ്‌ ചെയ്‌തത്‌.പ്രതിയെ ചോദ്യം ചെയ്യുന്നു. പരസ്യം ചെയ്‌ത്‌ പെൺകുട്ടികളെ വിളിച്ചുവരുത്തിയിരുന്നത്‌ ഷെരീഫ്‌ ആണെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കാറും കണ്ടെടുത്തു. കേസിൽ 7 പ്രതികൾ പിടിയിലായി.

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സൂത്രധാരകനെന്ന്‌ കരുതയാളാണ്‌ പിടിയിലാത്‌. കേസിൽ അഞ്ചാം പ്രതി അബ്‌ദുൾ സലാം ഇന്നലെ  കീഴടങ്ങിയിരുന്നു. ബ്ലാക്മെയിലിംഗ് കേസിൽ പ്രതികൾക്കെതിരെ ഇന്ന് പൊലീസ് മനുഷ്യക്കടത്ത് വകുപ്പ്‌ ചുമത്തിയിരുന്നു.

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. വിവാഹാലോചനയുടെ പേരിലാണ്‌ പ്രതികൾ ഷംനയുടെ  കുടുംബവുമായി ബന്ധപ്പെട്ടത്‌.

  നടി ഷംന കാസിമിൽനിന്ന്‌ പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ സിനിമ, സീരിയൽ, മോഡലിങ്, ഇവന്റ്‌ മാനേജ്‌മെന്റ്‌ രംഗത്തെ കൂടുതൽ പെൺകുട്ടികളെ തട്ടിപ്പിന് ഇരയാക്കിയതായി സൂചന. പണം തട്ടാൻ ലൈംഗികചൂഷണവും ബ്ലാക്ക്‌മെയിലിങ്ങും ഭീഷണിയുമൊക്കെ ഇവർ തരംപോലെ പ്രയോഗിച്ചു.  പലരും നാണക്കേടും ഭയവുംമൂലം പരാതിപ്പെട്ടില്ലെന്നും പൊലീസ്‌ പറയുന്നു.

അതേ സമയം യുവ മോഡലടക്കം അഞ്ച്‌ പേർ പരാതിയുമായി എത്തി. ഷംന കാസിമിന്റെ അമ്മ നൽകിയ പരാതിയെ തുടർന്ന്‌ നാലു പ്രതികൾ  പിടിയിലായതോടെയാണ്‌ കൂടുതൽപേർ പരാതിയുമായി എത്തിയത്‌. പ്രതികളുടെ ചിത്രം കണ്ടാണ്‌ ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയും പരാതി നൽകിയത്‌. ഇവരിൽനിന്ന്‌ സ്വർണവും പണവും തട്ടിയെടുത്തെന്നാണ്‌ പരാതി. പാലക്കാട്ടെ അജ്ഞാതകേന്ദ്രത്തിൽ താനുൾപ്പെടെ എട്ട്‌ യുവതികളെ ഭക്ഷണവും വെള്ളവും പോലും തരാതെ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആലപ്പുഴ സ്വദേശിയായ പെൺകുട്ടി  പരാതിയിൽ പറഞ്ഞു. സമാനമായ മൂന്നു പരാതിയിലും പൊലീസ്‌ കേസെടുത്തു. വെള്ളിയാഴ്‌ച അഞ്ച്‌ യുവതികൾ കൂടി പരാതിയുമായി എത്തി.  ലൈംഗികചൂഷണം ഉൾപ്പെടെ നടന്നിട്ടുണ്ടെന്ന കാര്യവും അന്വേഷിക്കുമെന്ന്‌‌ മേൽനോട്ടം വഹിക്കുന്ന സിറ്റി പൊലീസ്‌ കമീഷണർ വിജയ്‌ സാഖറെ വെളിപ്പെടുത്തി.



27-Jun-2020