ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ മുഖാമുഖം നേരിട്ട ജെറിന്‍ പിന്നീട് പാര്‍ട്ടി ഓഫീസിലിരുന്ന് പഠിച്ച് അഭിഭാഷകനായി എന്റോള്‍ ചെയ്‌ത് മാതൃകയാവുകയായിരുന്നു

എസ്‌ഡിപിഐ അക്രമികളുടെ ക്രൂരമായ വധശ്രമത്തിനും ജെറിനെ തളര്‍ത്താനായില്ല. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും അഭിഭാഷകന്റെ വേഷത്തില്‍ പുതിയ ജീവിതത്തിലേക്കദ്ദേഹത്തെ എത്തിച്ചു. ഇന്ന്‌ ജെറിൻ അഭിഭാഷകനായി എൻറോൾ ചെയ്‌തിരിക്കുകയാണ്‌.

2013 ആഗസ്‌തില്‍ തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ ബൈക്കുകളില്‍ ആയുധങ്ങളുമായെത്തിയ എസ്‌ഡിപിഐ  വര്‍ഗീവാദികള്‍ അതിക്രൂരമായാണ് ജെറിനേയും അന്‍സാരിയേയും അക്രമിച്ചത്.  ഇരച്ചുകയറിയ സംഘം ഓഫീസ് സെക്രട്ടറിയായിരുന്ന ജെറിന്‍ ജോയിയെയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അന്‍സാരിയെയും വളഞ്ഞിട്ടു വെട്ടി.  പുറത്ത് വാഹനങ്ങളിലും അവര്‍ക്ക് കാവലായി ആയുധധാരികള്‍.

വെട്ടേറ്റുവീണ ജെറിന്‍ ഇഴഞ്ഞ് ടോയ്‌ലറ്റില്‍ കയറി. ചോരയൊഴുക്കി മരണത്തോട് മല്ലടിച്ച ആ യുവാവിനെ ടോയ്‌ലറ്റിലിട്ട് പുറത്തുനിന്നു പൂട്ടിയാണ്  തീവ്രവാദിസംഘം സ്ഥലംവിട്ടത്.ഏറെ നേരത്തിനുശേഷം ഞരക്കംകേട്ടാണ് ജെറിനെ സഹപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത്. ജെറിന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയവെ പിതാവ് ജയസിങ് ഹൃദയംപൊട്ടിമരിക്കുകയായിരുന്നു. തുന്നിക്കെട്ടിയ ശരീരവുമായി ആശുപത്രി കിടക്കയില്‍ നിന്ന് പിതാവിന്റെ മൃതശരീരം കാണാന്‍  ജെറിനെത്തേണ്ടി വന്നു

ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ മുഖാമുഖം  നേരിട്ട ആ ചെറുപ്പക്കാരന്‍ പിന്നീട് പാര്‍ട്ടി ഓഫീസിലിരുന്ന് പഠിച്ച്  അഭിഭാഷകനായി എന്റോള്‍ ചെയ്‌ത്  മാതൃകയാവുകയായിരുന്നു. കേരള ബാര്‍ കൗണ്‍സില്‍ ഇന്ന് നടത്തിയ ഓണ്‍ലൈന്‍ എന്റോള്‍മെന്റിലാണ് ജെറിന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്‌തത്‌.

27-Jun-2020