ആളുകൾ സിപിഐ എമ്മിലേക്ക്‌; കോൺഗ്രസിൽ അരിശം

ചങ്ങരംകുളത്ത് സിപിഐ എം ഓഫീസ് കെഎസ്‌യു–-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. രണ്ടുപേർക്ക് പരിക്ക്‌. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓഫീസിലുണ്ടായിരുന്ന സിപിഐ എം പ്രവർത്തകരായ കെ വി മുസ്തഫ, കെ കെ സതീശൻ എന്നിവർക്കാണ് ചില്ലുതെറിച്ച് പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങരംകുളം –-കുന്ദംകുളം റോഡിലെ എ കെ ജി മന്ദിരമാണ്‌ എഴുപതോളംവരുന്ന കെഎസ്‌യു–-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. അക്രമികൾ ഓഫീസിന്റെ ഒന്നാംനിലയിലേക്ക് കയറി ജനൽ ചില്ലുകൾ പട്ടികകൊണ്ട് അടിച്ചും കരിങ്കല്ല് കഷ്ണങ്ങൾകൊണ്ട് എറിഞ്ഞും തകർക്കുകയായിരുന്നു. ഈസമയം ഓഫീസിനകത്ത് സിപിഐ എം നേതാക്കളുൾപ്പെടെ എട്ടുപേരുണ്ടായിരുന്നു.
 
ആളുകൾ സിപിഐ എമ്മിലേക്ക്‌; കോൺഗ്രസിൽ അരിശം


തെങ്ങിൽപ്പള്ളി, മാട്ടം, ടിപ്പുനഗർ പ്രദേശങ്ങളിൽനിന്ന്‌ സിപിഐ എമ്മിലേക്കും ഡിവൈഎഫ്‌ഐയിലേക്കും  വ്യാപകമായി ആളുകൾ കടന്നുവരുന്നതിൽ അരിശംപൂണ്ടാണ് യൂത്ത് കോൺഗ്രസും കെഎസ്‌യുവും അക്രമങ്ങൾ അഴിച്ചുവിടുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നന്നംമുക്ക്, ആലങ്കോട് ലോക്കൽ സെക്രട്ടറിമാരായ കെ കെ മണികണ്ഠൻ, എൻ വി ഉണ്ണി എന്നിവർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.  സിപിഐ എം പ്രവർത്തകർ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനവും നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ടി എം സിദ്ദിഖ്‌, എടപ്പാൾ ഏരിയാ കമ്മിറ്റി അംഗങ്ങളായ വി വി കുഞ്ഞുമുഹമ്മദ്‌, പി വിജയൻ, ടി സത്യൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

 

27-Jun-2020