നടപടി ആവശ്യപ്പെട്ട്‌ സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡി കൊലപാതകക്കേസിലെ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വൻ പ്രതിഷേധം. കസ്റ്റഡി കൊലപാതകം അമേരിക്കയിലെ ജോർജ്‌ ഫ്ലോയ്‌ഡിന്റെ വംശീയ കൊലയ്‌ക്ക്‌ സമാനമെന്നാണ്‌ സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധങ്ങളുടെ മുദ്രാവാക്യം.‌ നിരവധി രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ പങ്കാളിയായ പ്രതിഷേധത്തിൽ  പൊലീസ്‌ നടപടിയെ വിമർശിച്ചും കുടുംബത്തിന്‌ നീതി ആവശ്യപ്പെട്ടും സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിന്‌ താരങ്ങളും രംഗത്തുവന്നു.

പൊലീസിന്റെ ക്രൂരത അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് മനുഷ്യത്വരഹിതമാണ്, മാത്രവുമല്ല നമ്മളെ സംരക്ഷിക്കേണ്ട  സംവിധാനത്തിലുള്ള വിശ്വാസം കൂടുതൽ നഷ്ടപ്പെടുകയും ചെയ്യുമെന്ന്‌ നടി സമാന്ത ട്വീറ്റ്‌ ചെയ്‌തു. നടിമാരായ പ്രിയങ്ക കുശ്‌ബു, കാജൽ അഗ്രവാൾ, മാളവിക മോഹൻ, റിതിക സിങ്‌, ഹൻസിക, നടൻ ജയം രവി, വിജയ്‌ ആന്റണി, സംഗീത സംവിധായകൻ സന്തോഷ്‌ നാരായണൻ തുടങ്ങി നിരവധി പേർ ജസ്റ്റിസ്‌ ഫോർ ജയരാജ്‌ ആൻഡ്‌ ഫെനിക്‌സ്‌ എന്ന ഹാഷ്ടാഗ്‌ ഉപയോഗിച്ചാണ്‌‌ പ്രതിഷേധം‌‌.
സംഭവം ദേശീയ മനുഷ്യാവകാശ കമീഷൻ അന്വേഷിക്കണമെന്ന്‌ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്‌ സർക്കാർ 20 ലക്ഷവും  എഐഎഡിഎംകെയും ഡിഎംകെയും 25 ലക്ഷം വീതവും കുടുംബത്തിന്‌ കൈമാറി.

അതെസമയം, തൂത്തുക്കുടി എസ്‌പി ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ കേസിന്റെ തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിച്ചു. സംഭവത്തിൽ രണ്ട്‌ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥരെ ഡിപ്പാർട്‌മെന്റുതല നടപടിയുടെ ഭാഗമായി  സസ്‌പെൻഡ്‌ ചെയ്തു. രണ്ട്‌ ജയിൽ ജീവനക്കാർക്കെതിരെയും നടപടിയെടുത്തു‌.

സിപിഐ എം സംസ്ഥാന സെക്രട്ടറിയെ അറസ്‌റ്റുചെയ്‌തു

തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡി കൊലപാതകക്കേസിലെ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്‌ത സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനെ പൊലീസ് അറസ്‌റ്റുചെയ്‌തു. ആകെയുള്ള വരുമാനമാർഗമായ മൊബൈൽ കട തുറന്നതിനാണ്‌ ലോക്‌ഡൗൺ ലംഘിച്ചെന്ന്‌ ആരോപിച്ച്‌ ജയരാജിനെയും മകൻ ഫെനിക്‌സിനെയും‌ കസ്റ്റഡിയിലെടുത്ത്‌ മർദിച്ചത്‌. 

നടപടി ആവശ്യപ്പെട്ട്‌  സിപിഐ എം സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കെ ബാലകൃഷ്ണനെയടക്കം പൊലീസ് പിന്നീട് വിട്ടയച്ചു.

28-Jun-2020