വാക്‌സിനായി ശാസ്‌ത്രലോകം

മൂന്ന്‌ മാസത്തിലധികമായി ലോകമെങ്ങും ജനജീവിതത്തിന്റെ താളം തെറ്റിച്ച കോവിഡ്‌ ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. മരിച്ചവർ അഞ്ച്‌ ലക്ഷവും കടന്നു. ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ അഞ്ച്‌ ശതമാനം പേരാണ്‌ മരിച്ചത്‌.

യഥാർഥത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ പല മടങ്ങ്‌ വരും എന്നാണ്‌ സൂചന. 26 ലക്ഷത്തോളം പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ച അമേരിക്കയിൽ യഥാർഥത്തിൽ രണ്ട്‌ കോടിയിലധികമാളുകൾക്ക്‌ രോഗം ബാധിച്ചിട്ടുണ്ടാവുമെന്നാണ്‌ സർക്കാർ രോഗപ്രതിരോധ കേന്ദ്രം അറിയിച്ചത്‌.

വെള്ളിയാഴ്‌ച മാത്രം 47,341 പേർക്ക്‌‌ അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചു.  ബ്രസീലിൽ 46,907 പേർക്കും. ഈ രണ്ട്‌ രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യയിലാണ്‌ ഏറ്റവും ആശങ്കയുണർത്തുന്ന തരത്തിൽ രോഗം വ്യാപിക്കുന്നത്‌. വെള്ളിയാഴ്‌ച 18,276 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.   

മരണത്തിൽ അമേരിക്കയും(1,28,000) ബ്രസീലുമാണ്‌ (57,000) ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ. ഇന്ത്യ എട്ടാമത്‌ (16,076)

ഭൂഖണ്ഡങ്ങളിൽ രോഗബാധിതർ ഏറ്റവുമധികം വടക്കേ അമേരിക്കയിലും മരണം യൂറോപ്പിലുമാണ്‌. ശനിയാഴ്‌ച രാത്രി പത്തരവരെ വിവിധ ഭൂഖണ്ഡങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മരണവും(ബ്രാക്കറ്റിൽ): വടക്കേ അമേരിക്ക–-29,98,499(1,65,093), യൂറോപ്പ്‌–-24,00,448(1,90,465), ഏഷ്യ–-21,59,842(53,830), തെക്കേ അമേരിക്ക–-20,54,842(79,863), ആഫ്രിക്ക–-3,63,952(9,341), ഓഷ്യാനിയ–-9,273(126).

54 ലക്ഷം പേർക്ക്‌ രോഗം ഭേദമായി

ഇതിനിടയിലും ലോകത്താകെ 54 ലക്ഷത്തിൽപരമാളുകൾ രോഗമുക്തരായിട്ടുണ്ട്‌. കേരളത്തിൽ കൊല്ലത്ത്‌ 15 ദിവസം പ്രായമായ കുഞ്ഞിന്‌ ഈമാസം സുഖപ്പെട്ടത്‌ കോവിഡിനെതിരായ പോരാട്ടത്തിൽ പ്രത്യാശ പകർന്നു.
എത്യോപ്യയിൽ കഴിഞ്ഞദിവസം രോഗമുക്തനായ ഓർത്തഡോക്സ്‌ ക്രിസ്‌ത്യൻ സന്യാസിയായ അബ തിലാഹൻ വോൾദെമൈക്കിളിന്റെ അതിജീവനവും വിസ്‌മയിപ്പിക്കുന്നതാണ്‌. അദ്ദേഹത്തിന്‌ 109 വയസ്സെങ്കിലും ഉണ്ടെന്ന്‌ ഡോക്ടർമാരെ ഉദ്ധരിച്ച്‌ ബിബിസി റിപ്പോർട്ട്‌ ചെയ്‌തു.  114 വയസ്സുണ്ടെന്ന്‌ ബന്ധുക്കൾ പറയുന്നു.

വാക്‌സിനായി ശാസ്‌ത്രലോകം

കോവിഡിനെ തടയാൻ വാക്‌സിനും ചികിത്സയ്‌ക്കുള്ള മരുന്നുകൾക്കുമായി ശാസ്‌ത്രലോകം ഊർജിതമായ അന്വേഷണത്തിലാണ്‌. 10 വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തോളമായി. 126 എണ്ണം അതിന്‌ മുമ്പുള്ള ഘട്ടത്തിലാണ്‌. എങ്കിലും വാക്‌സിൻ കണ്ടെത്താൻ  ഒരു വർഷമെങ്കിലും എടുക്കുമെന്നാണ്‌ ഗവേഷകരുടെ നിഗമനം.

28-Jun-2020