മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി ദേശീയ ട്രൈബല്‍ സര്‍വകലാശാല (ഐജിഎന്‍ടിയു) കേരളത്തിലെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. സര്‍വകലാശാലയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ അപേക്ഷിക്കുന്ന രണ്ടാമത്തെ ജില്ലയായ വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷാ കേന്ദ്രം ദക്ഷിണേന്ത്യയില്‍ ചെന്നൈയില്‍ മാത്രമാക്കിയ നടപടിയാണ് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റദ്ദാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന സെന്ററുകള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാരും എസ്എഫ്ഐയും കേന്ദ്ര മാനവവിഭവ വികസന മന്ത്രി രമേഷ് പൊഖ്രിയാലിന് നിവേദനം നല്‍കിയിരുന്നു.
കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് എളമരം കരിം, ബിനോയ് വിശ്വം, കെ കെ രാഗേഷ്, എ എം ആരിഫ് എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച് സര്‍വകലാശാല തിരുവനന്തപുരം, വയനാട്, മധുര, മൈസൂര്‍, ഹൈദരാബാദ്, വിജയവാഡ തുടങ്ങിയ സെന്ററുകള്‍ അനുവദിച്ചു. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 2020 ജൂലൈ 25 വരെ നീട്ടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 400 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ വയനാട്ടിലെ കേന്ദ്രമാണ് ആദ്യ വിജ്ഞാപനത്തില്‍ ഒഴിവാക്കിയത്. 2020-21ലെ ബിരുദ - ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായി അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഒരു കേന്ദ്ര ഭരണ പ്രദേശത്തിനുമായി ചെന്നൈയില്‍ ഒരു പരീക്ഷാകേന്ദ്രം മാത്രമായിരുന്നു അനുവദിച്ചത്.