സ്വിറ്റ്‌സർലൻഡിലെ മുട്ടൻസു പ്രവിശ്യയിലെ പ്രാദേശിക ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളിയായ സാജൻ പെരേപ്പാടൻ. മധ്യ ഇടതുപക്ഷ പാർട്ടിയായ സ്വിസ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായാണ് സാജൻ സോഷ്യൽ, ഫാമിലി വെൽഫെയർ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഒരു മലയാളി സ്വിസ്സിൽ സോഷ്യൽ ഡെമോക്രാറ്റിക് രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തുന്നതും ഭരണ നിർവഹണത്തിലേക്ക് തെരഞ്ഞടുക്കപ്പെടുന്നതും.
സ്വിസ്സിലെ മലയാളി കൂട്ടായ്‌മയായ കെപിഎഫ്‌എസ് (കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സർലൻഡ്) ജനറൽ സെക്രട്ടറികൂടിയാണ് സാജൻ. ബാസൽ പ്രവിശ്യയിൽ ഉള്ള തദ്ദേശ ഭരണസ്ഥാപനമാണ് മുട്ടൻസു. അവിടെ സോഷ്യൽ, ഫാമിലി വെൽഫെയർ ഭരണ കമ്മിറ്റിയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് സാജൻ വിജയം കൈവരിച്ചത്. ഇപ്പോഴാണ് സ്ഥാനങ്ങൾ നിശ്‌ചയിച്ചത്.
ഏകദേശം 17000 പേർ ജീവിക്കുന്ന ബാസലിനടുത്ത ഒരു കൊച്ചു പട്ടണം ആണ് മുട്ടൻസ്. 2002 മുതൽ ഇവിടത്തെ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാണ് സാജൻ. കത്തോലിക്കാ പള്ളിയിലെ ഭരണസമിതിയിലും അതോടൊപ്പം മലയാളി സംഘടനകളിലും പ്രവർത്തിക്കുന്നുണ്ട്. ബാസലിലെ ആശുപത്രിയിൽ ഐസിയു സ്പെഷ്യലിസ്റ്റായും നഴ്‌സിങ് സ്‌കൂളിൽ അധ്യാപകനായും ജോലി ചെയ്യുന്നു.
അങ്കമാലി അടുത്ത് പുളിയനമാണ് സാജന്റെ ജന്മദേശം. നാട്ടിൽ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. വിവാഹശേഷമാണ് ഓസ്ട്രിയയിലേക്കും പിന്നീട് സ്വിറ്റസർലന്റിലേക്കും താമസം മാറ്റിയത്. ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ട്.