ലോകബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർബോർഡ്‌ യോഗത്തിന്റെതാണ്‌ തീരുമാനം


കേരളം ഉൾപ്പെടെ രാജ്യത്തെ ആറ്‌ സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന്‌ 3431. 88 കോടി രൂപയുടെ ലോകബാങ്ക്‌  സഹായം.  ലോകബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർബോർഡ്‌ യോഗത്തിന്റെതാണ്‌ തീരുമാനം.

കേരളത്തിന്‌ 571. 98 കോടി രൂപ ലഭിക്കും.   ഹിമാചൽപ്രദേശ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും  സമാന  തുക ലഭിക്കും.  60–- 40 അനുപാതത്തിൽ 381.32 കോടി രൂപ കേരളം വഹിക്കണം. ആകെ പദ്ധതി തുക 953.30 കോടിരൂപയാണ്‌. 1994 മുതൽ രാജ്യത്തെ പൊതുവിദ്യാഭ്യാസരംഗത്തിന്റെ ശാക്തീകരണത്തിന്‌ വായ്‌പ അനുവദിക്കുന്ന ലോകബാങ്ക്‌ ആറു വർഷംകൊണ്ട്‌ നടപ്പാക്കുന്ന  പഠന, അധ്യാപക ശാക്തീകരണത്തിനുള്ള പുതിയ പദ്ധതി (സ്‌റ്റാർസ്‌)യിലൂടെയാണ്‌‌  സഹായം‌. എംഎച്ച്‌ആർഡി –-സമഗ്ര ശിക്ഷ വഴിയാണ്‌ സ്‌റ്റാർസ്‌ പദ്ധതി നടപ്പാക്കുകയെന്ന്‌‌ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ പറഞ്ഞു.  ലോകബാങ്ക്‌ അനുവദിച്ച തുക ലഭ്യമാകാൻ കേന്ദ്ര മന്ത്രിസഭാ അംഗീകാരംകൂടി മതി.  പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്‌ ശക്തിപകരൽ, അധ്യാപകക്ഷമതാ പരിപോഷണം, വിദ്യാർഥികളിൽ അറിവ്‌ ശേഷി വർധിപ്പിക്കൽ, ഉപജില്ലാതലങ്ങളിൽ പൊതുവിദ്യാലയങ്ങളുടെയും ഓഫീസുകളുടെയും ആധുനികവൽക്കരണം തുടങ്ങിയവയ്ക്ക്‌ തുക വിനിയോഗിക്കാം. ആറുവർഷമായിരിക്കും പദ്ധതി നടപ്പാക്കൽ കാലാവധി.

30-Jun-2020