വിദഗ്‌ദ്ധോപദേശം നൽകാൻ യുവ ഐഎഎസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും
അഡ്മിൻ
തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് 'ഡ്രീം കേരള' എന്ന പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായ സംഭാവന നൽകുന്നവരാണ് പ്രവാസികൾ. സംസ്ഥാനത്തിന്റെ ആഹോളരി വരുമാനം ഉയർന്നു നിൽക്കുന്നതിന്റെ പ്രധാനകാരണം പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ്. പ്രവാസികളുടെ നിക്ഷേപം കേരള വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിന് ഈ സർക്കാർ അധികാരമേറ്റതുമുതൽ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്ധരുണ്ട്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ഡ്രീം കേരള പദ്ധതിയിൽ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനത്തിന് നിർദ്ദേശവും ആശയവും സമർപ്പിക്കും. ആശയം നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ ഹാക്കത്തോൺ നടത്തും. വിദഗ്‌ദ്ധോപദേശം നൽകാൻ യുവ ഐഎഎസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങൾ അതത് വകുപ്പുകൾക്ക് വിദഗ്ധ സമിതി നൽകും. ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കും.
മുഖ്യമന്ത്രി ചെയർമാനായ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ കെഎം എബ്രഹാം ചെയർമാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ വിർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കും.