യുപിഎ സർക്കാരിന്റെ പതനത്തിന്‌ വഴിയൊരുക്കിയ ഇടപാടുകളിൽ ഒന്നാണ്‌ അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ ഹെലികോപ്‌റ്റർ അഴിമതി

ഇ -മൊബിലിറ്റി കൺസൾട്ടൻസി കരാർ ആരോപണത്തിലൂടെ മൻമോഹൻ സിങ്‌ സർക്കാരിന്റെ കാലത്തെ അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ ഹെലികോപ്‌റ്റർ അഴിമതി വീണ്ടും ദേശീയ ശ്രദ്ധയിൽ എത്തിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നടപടിയിൽ എഐസിസിക്ക്‌ നീരസം. സിബിഐ അന്വേഷണത്തിലുള്ള 3600 കോടിയുടെ ഹെലികോപ്‌റ്റർ അഴിമതി വീണ്ടും സജീവ ചർച്ചയാക്കാൻ വഴിയൊരുക്കിയ ചെന്നിത്തല കോൺഗ്രസിനെ കുരുക്കിലാക്കിയെന്നാണ്‌ വിലയിരുത്തൽ. ഇ -മൊബിലിറ്റി കൺസൾട്ടൻസി കരാർ നൽകിയ പ്രൈസ്‌ വാട്ടർ ഹൗസ്‌ കൂപ്പേഴ്‌സ്‌ എന്ന സ്ഥാപനത്തിന്‌ സെബിയുടെ വിലക്ക്‌ ഉണ്ടെന്നാണ്‌ ചെന്നിത്തലയുടെ  ആരോപണം.

ഈ സ്ഥാപനത്തിനല്ല,  അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ ഹെലികോപ്‌റ്റർ  ഇടപാടിലെ ക്രമക്കേട്‌ പുറത്തുകൊണ്ടുവന്ന ബംഗളൂരു ആസ്ഥാനമായ എൽഎൽപി എന്ന ഓഡിറ്റ്‌ സ്ഥാപനത്തിനാണ്‌ വിലക്കെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ്‌ വിഷയം എഐസിസിയുടെ ശ്രദ്ധയിൽപ്പെട്ടത്‌. പ്രതിപക്ഷ നേതാവിന്റെ തെറ്റായ പരാമർശം  പ്രൈസ്‌ വാട്ടർ ഹൗസ്‌ കൂപ്പേഴ്‌സും കോൺഗ്രസ്‌ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.യുപിഎ സർക്കാരിന്റെ പതനത്തിന്‌ വഴിയൊരുക്കിയ ഇടപാടുകളിൽ ഒന്നാണ്‌ അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ ഹെലികോപ്‌റ്റർ അഴിമതി. എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ, വിവിഐപികളുടെ യാത്രയ്‌ക്ക്‌ 12 ഹെലികോപ്‌റ്ററുകൾ വാങ്ങാൻ ലണ്ടൻ ആസ്ഥാനമായ അഗസ്‌ത വെസ്റ്റ്‌ലാൻഡ്‌ കമ്പനിയുമായി കരാറുണ്ടാക്കി.  

ആരോപണം ചൂടുപിടിച്ചപ്പോൾ  2014ൽ ഇടപാട്‌ റദ്ദാക്കി. അതിനകം 40 ശതമാനം തുക കമ്പനിക്ക്‌ കൈമാറിയിരുന്നു.  മുൻ വ്യോമസേനാ മേധാവി എച്ച്‌ ഡി ത്യാഗിയെ പ്രതിയാക്കി സിബിഐ എടുത്ത കേസിൽ അഹമ്മദ്‌ പട്ടേലിന്റെ വസതിയിലും കോൺഗ്രസ്‌ ഓഫീസിലും റെയ്‌ഡും നടത്തി‌. ഹെലികോപ്‌റ്റർ ഇടപാടിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മൈക്കൽ ഇപ്പോഴും ജയിലിലാണ്‌. കോൺഗ്രസ്‌ ദേശീയ നേതാക്കളെയും മുൻ കേന്ദ്രമന്ത്രിമാരെയും കേസിൽ പ്രതിചേർക്കാൻ സിബിഐ നടപടി സ്വീകരിക്കുമ്പോഴാണ്‌ ഹെലികോപ്‌റ്റർ അഴിമതി ഓർമിപ്പിക്കുന്ന തരത്തിൽ രമേശ്‌ ചെന്നിത്തലയുടെ വെളിപ്പെടുത്തൽ‌.

 

01-Jul-2020