അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും ഒഴിപ്പിക്കണമെന്ന് കോൺഗ്രസ്
അഡ്മിൻ
ഒരു മാസത്തിനുള്ളിൽ ഡൽഹിയിലെ സർക്കാർ ബംഗ്ലാവൊഴിയാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര ഭവന–- നഗരകാര്യ മന്ത്രാലയത്തിന്റെ നിർദേശം. പ്രിയങ്കയ്‌ക്ക് എസ്‌പിജി സംരക്ഷണം ഇല്ലാത്ത സാഹചര്യത്തിലാണ് ആഗസ്‌ത് ഒന്നിന് മുമ്പായി ലോധി എസ്‌റ്റേറ്റിലെ 35–-ാം നമ്പർ ബംഗ്ലാവൊഴിയാനുള്ള നിർദേശം. വിവിധ ഇനങ്ങളിലായി 3.46 ലക്ഷം രൂപയുടെ കുടിശ്ശികയും പ്രിയങ്ക നൽകേണ്ടതായുണ്ട്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവർക്കുള്ള എസ്‌പിജി സുരക്ഷ നവംബറിൽ മോഡി സർക്കാർ പിൻവലിച്ചിരുന്നു. എംപിമാരായതിനാൽ സോണിയക്കും രാഹുലിനും ഔദ്യോഗിക വസതികളിൽ കഴിയാം. 1997 മുതൽ ലോധി റോഡിലെ ബംഗ്ലാവിലാണ് ഭർത്താവ് റോബർട്ട് വാധരയ്‌ക്കും കുട്ടികൾക്കുമൊപ്പം പ്രിയങ്കയുടെ താമസം. നിലവിൽ എംപിമാർ അല്ലാതിരുന്നിട്ടും സർക്കാർ വസതികളിൽ തുടരുന്ന എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ കാര്യത്തിലും മോഡി സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.