സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യങ്ങൾ അടങ്ങിയ വൈദ്യുതി ബിൽ തിങ്കളാഴ്‌ചയോടെ. ബില്ലിങ് സോഫ്‌റ്റ്‌വെയറിന്റെ പരിഷ്‌കരണനടപടികൾ അന്തിമഘട്ടത്തിലാണ്. സോഫ്‌റ്റ്‌വെയർ ടെസ്റ്റ് ചെയ്ത് കാര്യക്ഷമത ഉറപ്പാക്കിയശേഷം മാത്രമാകും ബിൽ വിതരണത്തിലേക്ക് കടക്കുക. വൈദ്യുതി ബില്ലിൽ സബ്‌സിഡിയുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ഇതിനു പുറമെ എസ്‌എംഎസായും ഇത് നൽകും. ആഗസ്‌ത് അവസാനത്തോടെ ബിൽ വിതരണം പൂർത്തിയാകും.
ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കുറയ്‌ക്കും
തിരുവനന്തപുരം > ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കുറയ്‌ക്കാൻ കെഎസ്‌ഇബി തീരുമാനം. പത്ത് ദലശലക്ഷം യൂണിറ്റിൽനിന്ന് നാലാക്കും. ഡാമിലെ ജലനിരപ്പിൽ 45 അടി കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. കേന്ദ്ര ജല കമീഷൻ മാനദണ്ഡപ്രകാരം ജൂണിൽ 2373 അടിവരെ ഡാമിൽ ജലമാകാം. എന്നാൽ, 2328 അടിയാണ് നിലവിലുള്ളത്. പ്രതീക്ഷിത മഴ ലഭിക്കാത്തതാണ് ജലനിരപ്പ് താഴാൻ കാരണം. ഈ സാഹചര്യത്തിൽ കൂടിയ ഉൽപ്പാദനം തുടരുകയും വരുംദിവസം ആവശ്യത്തിന് മഴ ലഭിക്കാതെയും വന്നാൽ പ്രതിസന്ധിയുണ്ടാകാം.
ഇത് കണക്കിലെടുത്താണ് ഉൽപ്പാദനം കുറയ്‌ക്കുന്നത്. എന്നാൽ, സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയെ ഇത് ബാധിക്കില്ല. ഇടുക്കിയിൽ ഉൽപ്പാദനം കുറഞ്ഞാലും സംസ്ഥാനത്തെ നിലവിലെ ഉപയോഗത്തിന് ആവശ്യമായ വൈദ്യുതി നിലവിൽ ലഭ്യമാണ്. ജൂലൈ 15ന് സ്ഥിതിഗതി വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കും. ഇടമലയാറിലെ ഉൽപ്പാദനം അറ്റകുറ്റപ്പണിക്കായി താൽക്കാലികമായി നിർത്തും. ഇതേസമയം, നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റിലെ പൊട്ടിത്തെറിയതിനെ തുടർന്ന് ഇവിടെനിന്നും സംസ്ഥാനത്തേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. 45 മെഗാ വാട്ടാണ് ലഭിച്ചിരുന്നത്. പുറത്തുനിന്നുള്ള ഇതര സ്രോതസ്സുകൾ പ്രയോജനപ്പെടുത്തി ഈ കുറവ് നികത്താൻ കെഎസ്‌ഇബി നടപടി സ്വീകരിച്ചു.