രോഗം ഭേദമായി വീട്ടിലെത്തിയാലും ഏഴുദിവസം കർശനസമ്പർക്ക വിലക്ക് തുടരണം

പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ്‌ ബാധിതരുടെ ആദ്യ പരിശോധാഫലം നെഗറ്റീവായാൽ ഡിസ്ചാർജ്‌ ചെയ്യാമെന്ന്‌ ആരോഗ്യ വകുപ്പ്‌. ലക്ഷണമില്ലാത്തവർക്കും ചെറുലക്ഷണം മാത്രം ഉള്ളവർക്കും രോഗം സ്ഥിരീകരിച്ച്‌ പത്താം ദിവസം പിസിആർ പരിശോധന നടത്തും. നെഗറ്റീവായാൽ ഡിസ്ചാർജ്‌ ചെയ്യാം. പോസിറ്റീവാണെങ്കിൽ മറിച്ചുള്ള ഫലം വരുംവരെ ഒന്നിടവിട്ട ദിനങ്ങളിൽ വീണ്ടും പരിശോധിക്കണമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.

പനി, തൊണ്ടവേദന എന്നിവ ഉള്ളവരെ ലക്ഷണം പ്രകടമായി 14–-ാം ദിവസമാണ് പരിശോധിക്കേണ്ടത്, എന്നാല്‍ ടെസ്റ്റ് നടത്തുന്നതിന് മുമ്പുള്ള മൂന്ന്‌ ദിവസം ലക്ഷണമുണ്ടാകരുത്. എച്ച്‌ഐവി, ക്യാൻസർ, ന്യുമോണിയ ബാധിതർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരുടെ നില തൃപ്തികരമാണെങ്കിൽ  ലക്ഷണം തുടങ്ങി 14–-ാം ദിവസം പരിശോധിക്കണം. ഏത്‌ വിഭാഗത്തിൽ ഉള്ളവരാണെങ്കിലും രണ്ടാം ടെസ്‌റ്റിന്റെ ഫലം പോസിറ്റീവായാൽ ചികിത്സ തുടരണം. ഒന്നിടവിട്ട ദിനങ്ങളിൽ പരിശോധിച്ച്‌ നെഗറ്റീവാകുമ്പോൾ ഡിസ്‌ചാർജ്‌ ചെയ്യണം. രോഗം ഭേദമായി വീട്ടിലെത്തിയാലും ഏഴുദിവസം കർശനസമ്പർക്ക വിലക്ക് തുടരണം. രോഗപ്പകർച്ചാ കാലയളവ്‌ കഴിഞ്ഞും ദീർഘകാലം ആശുപത്രിയിൽ കഴിയുന്നവരുണ്ട്‌. ഇത്‌ പരിഗണിച്ചും ലോകാരോഗ്യ സംഘടന, കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഐസിഎംആർ എന്നിവയുടെ മാർഗനിർദേശപ്രകാരവുമാണ്‌ മാറ്റം.

 

02-Jul-2020