മനോഹരമായ പനേങ്ക കിക്കിലൂടെ ലയണൽ മെസി ചരിത്രം കുറിച്ചു. ബാഴ്‌സലോണയ്‌ക്കും അർജന്റീനയ്‌ക്കുമായി മെസി 700 ഗോൾ പൂർത്തിയാക്കി. ബാഴ്‌സ കുപ്പായത്തിൽ 630. അർജന്റീനയ്‌ക്കായി 70. ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ഏഴാമതാണ് മെസി. നിലവിൽ കളിക്കുന്നവരിൽ യുവന്റസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ മാത്രമാണ് മുന്നിൽ. റൊണാൾഡോയ്‌ക്ക് 726 ഗോളുകൾ.
862 കളിയിലാണ് മെസി 700 തികച്ചത്. ബാഴ്‌സയ്‌ക്ക് 724 മത്സരങ്ങളിൽ ഇറങ്ങി. അർജന്റീന കുപ്പായത്തിൽ 138 എണ്ണം കളിച്ചു. 2005ലായിരുന്നു മെസിയുടെ ആദ്യഗോൾ. ആ വർഷം ആകെ അഞ്ച് ഗോളായിരുന്നു നേടിയത്. 2012ൽ അടിച്ചുകൂട്ടിയത് 91 ഗോൾ.600 ഗോൾ തികച്ച് 14 മാസത്തിനുള്ളിലാണ് അടുത്ത 100 ഗോൾ. ഈ വർഷം ഇതുവരെ 11 ഗോളായി. സ്‌പാനിഷ് ലീഗ് ടീം സെവിയ്യക്കെതിരെയാണ് കൂടുതൽ–- 37. റയൽ മാഡ്രിഡിനെതിരെ 26 ഗോൾ അടിച്ചിട്ടുണ്ട്.
ബാഴ്‌സയുടെയും അർജന്റീനയുടെ ഏറ്റവും മികച്ച ഗോളടിക്കാരനാണ് ഈ മുപ്പത്തിമൂന്നുകാരൻ. 2014 മുതൽ സ്‌പാനിഷ് ലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായി. ലീഗിൽ 441 ഗോൾ. ഈ സീസണിൽ 22 ഗോളടിച്ചു.