എസ് ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്

തൂത്തുക്കുടിയില്‍  സാത്താൻകുളം പൊലീസ് സ്‌റ്റേഷനിൽ അച്ഛനേയും  മകനേയും   കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ  സംഭവത്തില്‍ നാല് പൊലീസുകാർ കൂടി അറസ്റ്റിൽ. എസ് ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

ജനം തെരുവിൽ പടക്കംപൊട്ടിച്ചാണ്‌ പൊലീസുകാരുടെ അറസ്‌റ്റ്‌ ആഘോഷിച്ചത്‌. കസ്റ്റഡി കൊലപാതകത്തിനെതിരെ തമി‌ഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്.ലോക്‌ഡൗണിൽ അനുവദിച്ച സമയം   കഴിഞ്ഞിട്ടും കട തുടന്നതിനാണ്‌ തടി വ്യാപാരിയായ ജയരാജിനേയും മകൻ ബെനക്‌സിനേയും കസ്‌റ്റഡിയിലെടുത്തത്‌. ഇവരെ സ്റ്റേഷനിൽ  ക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി ഇന്നലെയാണ് അന്വേഷണം ആരംഭിച്ചത്. നേരത്തെയും സാത്താൻകുളം സ്‌റ്റേഷനിൽ കസ്‌റ്റഡി കൊലപാതകം നടന്നിട്ടുണ്ട്‌.

02-Jul-2020