വിദേശ നാടുകളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്താൻ ആകെ 5,40,180 പേരാണ് രജിസ്റ്റർ ചെയ്തത്

സൗദിഅറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി വന്ദേഭാരത് മിഷൻറെ ഭാഗമായി കൂടുതൽ ഫ്‌ളൈറ്റുകൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

സൗദിയിൽ നിന്ന് തിരിച്ചുവരാൻ 87,391 മലയാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ 13,535 പേർക്ക് മാത്രമാണ് വരാൻ കഴിഞ്ഞത്. സൗദിയിൽ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെങ്കിലും വന്ദേഭാരത് മിഷനിൽ അനുവദിക്കപ്പെട്ട ഫ്‌ളൈറ്റുകൾ വളരെ കുറവാണ്. വന്ദേഭാരതിൽ ആകെ 270 ഫ്‌ളൈറ്റുകൾ വന്നപ്പോൾ അതിൽ 20 ഫ്‌ളൈറ്റുകൾ മാത്രമാണ് സൗദി അറേബ്യയിൽ നിന്ന് എത്തിയത്.

സൗദിയിൽ നിന്ന് തിരിച്ചുവരാൻ ശ്രമിക്കുന്നവരിൽ അധികം പേരും ജോലി നഷ്ടപ്പെട്ടവരോ വിസയുടെ കാലാവധി കഴിഞ്ഞവരോ ഗർഭിണികളോ മറ്റു രോഗങ്ങളുള്ള വയോധികരോ ആണ്. ഇവരുടെ പ്രയാസം കണക്കിലെടുത്ത് വന്ദേഭാരത് മിഷനിൽ സൗദിഅറേബ്യയിൽ നിന്നുള്ള ഫ്‌ളൈറ്റുകൾ വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

വിദേശ നാടുകളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്താൻ ആകെ 5,40,180 പേരാണ് രജിസ്റ്റർ ചെയ്തത്. എല്ലാവരെയും നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമിച്ചിട്ടും 1,43,147 പേർക്ക് മാത്രമാണ് ഇതുവരെ തിരിച്ചെത്താൻ കഴിഞ്ഞത്. സ്വകാര്യ ചാർട്ടേഡ് ഫ്‌ളൈറ്റ് ഏർപ്പെടുത്താൻ അപേക്ഷിക്കുന്ന എല്ലാവർക്കും സംസ്ഥാന സർക്കാർ അനുമതി നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

02-Jul-2020