സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖറും രംഗത്തുവന്നു
അഡ്മിൻ
കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രമുഖ ട്രേഡുയൂണിയന്‍ സംഘാടകനുമായിരുന്ന കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ടൗണ്‍പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരെയാണ് കേസ്.
ജൂണ്‍ 21നാണ് സുരേന്ദ്രന് ഹൃദയാഘാതം മൂലം അന്തരിച്ചത്. അതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ദീവേഷ് ചേനോളി സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ ഫെയ്സ്ബുക്കിലൂടെ തുടര്‍ച്ചയായി പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ മനംനൊന്ത് ഹൃദയംപൊട്ടിയാണ് സുരേന്ദ്രന് മരിച്ചതെന്നായിരുന്നു ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് മരണത്തിനു പിന്നിലെന്ന് കെപിസിസി അംഗം കെ പ്രമോദ് തുറന്നടിച്ചു. വിവാദം കൊഴുത്തതോടെ സുരേന്ദ്രന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖറും രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.
കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെ അടുത്ത അനുയായിയാണ് വ്യക്തിഹത്യാ ആരോപണം നേരിടുന്ന ദീവേഷ് ചേനോളി.