മാസ്‌ക്‌ ധരിക്കാത്തതും സാമൂഹ്യ അകലം പാലിക്കാത്തതുമാണ്‌ രോഗവ്യാപനത്തിന്‌ കാരണം

അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു. ജോൺ ഹോപ്‌കിൻസ്‌ സർവകലാശാലയുടെ കണക്കുപ്രകാരം 50,700 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മാസ്‌ക്‌ ധരിക്കാത്തതും സാമൂഹ്യ അകലം പാലിക്കാത്തതുമാണ്‌ രോഗവ്യാപനത്തിന്‌ കാരണം.  കലിഫോർണിയയിൽ മദ്യശാലകളും തിയറ്ററുകളും ഭക്ഷണശാലകളും അടയ്‌ക്കുമെന്ന്‌ ഗവർണർ ഗവിൻ ന്യൂസം അറിയിച്ചു. മുമ്പത്തേക്കാൾ 50ശതമാനം രോഗികളുടെ വർധനയാണ്‌ കലിഫോർണിയയിലുണ്ടായത്‌.  5900 രോഗികളും 110 മരണവുമാണ്‌ 24 മണിക്കൂറിനിടെ ഉണ്ടായത്‌. അമേരിക്കയിൽ രോഗബാധിതർ 2,782,321. 130,850 പേർ മരിച്ചു.

ദക്ഷിണാഫ്രിക്കയിൽ 8124 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗികൾ 159,000 കവിഞ്ഞു. ജോഹന്നാസ്‌ബർഗ്‌ ഹോട്ട്‌സ്‌പോട്ടായി. ഇവിടെ ആരോഗ്യപ്രവർത്തകരടക്കം 45000 രോഗികളായി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ രോഗികൾ 405,000 ആയി. ടോക്കിയോയിൽ 107 പേർക്കുകൂടി കോവിഡ്‌. നിശാക്ലബ്ബുകളും മദ്യശാലകളും കേന്ദ്രീകരിച്ചാണ്‌ രോഗബാധയെന്ന്‌ ഗവർണർ യൂറിക്കോ കൊയിക്ക്‌ പറഞ്ഞു. ദക്ഷിണ കൊറിയയിൽ 54 രോഗികൾകൂടി. തലസ്ഥാനനഗരമായ സോൾ കൂടാതെ ഗ്വാൻഞ്ചു നഗരത്തിലേക്കും രോഗം വ്യാപിക്കുകയാണ്‌.
 



03-Jul-2020