ഖനന സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ കൽക്കരി തൊഴിലാളികളുടെ സമരം ശക്തിയാർജിക്കുന്നു
അഡ്മിൻ
ഖനന സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ കൽക്കരി തൊഴിലാളികളുടെ സമരം ശക്തിയാർജിക്കുന്നു. 5.30 ലക്ഷം തൊഴിലാളികളാണ് മൂന്ന് ദിവസമായി പണിമുടക്കിൽ പങ്കെടുക്കുന്നത്. കൽക്കരിഖനനം, റെയിൽവേ, ഓർഡനൻസ് ഫാക്ടറികൾ തുടങ്ങി സർവ മേഖലകളുടെയും സ്വകാര്യ വത്കരണത്തിനെതിരെ തൊഴിലാളികൾ വെള്ളിയാഴ്ച അഖിലേന്ത്യാ പ്രതിഷേധദിനം ആചരിക്കുകയാണ്.
കോൾ ഇന്ത്യാ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളായ ഈസ്റ്റേൺ കോൾഫീൽഡ്സ്, ഭാരത് കുക്കിങ് കോൾ, സെൻട്രൽ കോൾഫീൽഡ്സ്, വെസ്റ്റേൺ കോൾ ഫീൽഡ്സ്, സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്‌സ്, നോർത്തേൺ കോൾഫീൽഡ്സ്, മഹാനദി കോൾഫീൽഡ്സ്, നോർത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ്, സിഎംപിഡിഐഎൽ എന്നിവയിൽ പണിമുടക്ക് പൂർണമാണ്. ഈസ്റ്റേൺ മേഖലയിൽ തൃണമൂൽ അനുകൂലികൾ പണിമുടക്ക് പൊളിക്കാൻ ശ്രമിച്ചത് ഒഴിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. നേരത്തേ മാറിനിന്ന ബിഎംഎസ് യൂണിയനും പണിമുടക്കിൽ പങ്കുചേർന്നു. പണിമുടക്ക് ശനിയാഴ്ചവരെ തുടരും.
തൊഴിലാളികളെ കേന്ദ്ര ട്രേഡ് യൂണിയനുകൾ അഭിവാദ്യംചെയ്തു. സ്വകാര്യവൽക്കരണത്തിനെതിരെ പണിമുടക്കിലേക്ക് നീങ്ങാൻ ഓർഡനൻസ് ഫാക്ടറി ജീവനക്കാരുടെ ഹിതപരിശോധനയിൽ തീരുമാനമായി. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെയും പ്രതിഷേധം ഉയർന്നു.പന്ത്രണ്ടിന അവകാശപത്രിക ഉയർത്തിയും സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിച്ചുമാണ് ട്രേഡ് യൂണിയനുകൾ പ്രതിഷേധദിനം ആചരിക്കുന്നത്.
സിഐടിയു, എഐടിയുസി, എച്ച്എംഎസ്, ഐഎൻടിയുസി, എഐയുടിയുസി, ടിയുസിസി, യുടിയുസി, സേവ, എൽപിഎഫ്, എഐസിസിടിയു എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഹ്വാനപ്രകാരമാണ് ദിനാചരണം.