ആര്‍എസ്എസിന്റെ നിലപാടുകള്‍ക്ക് ശക്തിപകരുകയാണ് കോണ്‍ഗ്രസും ലീഗും ചെയ്യുന്നത്

ജാതി മത ശക്തികളുമായി കൂട്ടുകൂടാനാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിരിക്കുന്നതെന്ന്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐ യുമായി കൂട്ടുകെട്ടുണ്ടാക്കിയാല്‍ ഇന്നത്തെ യുഡിഎഫ് മുന്നണി എന്നത് മുസ്ലിം തീവ്രവാദ ശക്തികള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന  ഒരു സംവിധാനമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ജമാ അത്തെ ഇസ്ലാമി രൂപീകരിച്ച പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. മുസ്ലിം മത രാഷ്ട്രം വേണമെന്ന് പരസ്യമായി  പ്രഖ്യാപിച്ചിട്ടുള്ളവരാണവര്‍. മുസ്ലിം വിഭാഗത്തില്‍  ആര്‍എസ്എസിനെ പോലെ പ്രവര്‍ത്തിക്കുന്ന സംഘനടയാണ് എസ്ഡിപിഐ. ഇത്തരം കൂട്ടുകെട്ടുകള്‍ക്കെതിരെ മുസ്ലിം വിഭാഗത്തിലെ തന്നെ പല സംഘടനകളും മുന്നോട്ട് വരുന്നത് സ്വാഗതാര്‍ഹമാണ്. ഇവര്‍ ഈ കൂട്ടുകെട്ടിന്റെ ആപത്ത് പരസ്യമായി ചൂണ്ടിക്കാട്ടുന്നു.

'സുപ്രഭാതം'  പത്രത്തില്‍ സമസ്ത ഇത്തരം ബാന്ധവത്തെ തുറന്നെതിര്‍ത്തു.ഈ കൂട്ടുകെട്ടിനെ സംബന്ധിച്ച് അതിനകത്ത് സൂചിപ്പിച്ച കാര്യം പ്രസക്തമാണ്. മുസ്ലിം വിഭാഗത്തില്‍ നിന്നുതന്നെ  ഇത്തരക്കാര്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നത്, വര്‍ഗീയ കൂട്ടുകെട്ടിനെ അംഗീകരിക്കില്ല എന്നതിന്റെ വ്യക്തമായ പ്രതിഫലനമാണ്. ജമാ അത്തെ ഇസ്ലാമിനെതിരെ  ശക്തമായ നിലപാട്  2010 വരെ ലീഗ് സ്വീകരിച്ചിരുന്നു.

 എസ്ഡിപിഐയുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാക്കില്ല എന്നാണ് പറഞ്ഞിരുന്നത്.  എംകെ മുനീറിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രചരണം തന്നെ സംഘടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ എന്തുകൊണ്ട് നിലപാട് മാറ്റുന്നു. താല്‍ക്കാലികമായ ഒരു കാര്യലാഭത്തിന്  വേണ്ടിമാത്രമായി ഒരവസരവാദ കൂട്ടുകെട്ടാണ് ഇതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

 ഇന്ത്യയിലെ വ്യവസ്ഥ അനിസ്ലാമികമാണ് എന്ന് പറയുന്ന ജമാ അത്തിനൊപ്പം കൂടാന്‍ മതനിരപേക്ഷ പ്രസ്ഥാനം എന്നവകാശപ്പെടുന്ന  കോണ്‍ഗ്രസിന്  എങ്ങനെ സാധിക്കുന്നു. കോണ്‍ഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഇപ്പോഴുള്ള മുസ്ലീം ലീഗിന്റെ വര്‍ഗീയ കൂട്ടുകെട്ട്. രാഹുല്‍ ഗാന്ധിയും എകെ ആന്റണിയും കെസി വേണുഗോപാലുമെല്ലാം കേരളത്തിലെ  കോണ്‍ഗ്രസിന്റെ ഭാഗമാണ്. അതിനാല്‍ ഇവരുടെയൊന്നും അറിവില്ലാതെ ഇത്തരം കൂട്ടുകെട്ട് കേരളത്തിലുണ്ടാകില്ല. അതുകൊണ്ട് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം.

ശക്തമായ വര്‍ഗീയ ദ്രുവീകരണത്തിനാണ് ഈ കൂട്ടുകെട്ട് കാരണമാകുക. മറുവശത്ത് ആര്‍എസ്എസ് നയിക്കുന്ന ബിജെപി കേന്ദ്രത്തിന്റെ പിന്തുണയോടെ ഹിന്ദുത്വ ദ്രുവീകരണം ശക്തമാക്കുകയാണ്.  രണ്ട് വര്‍ഗീയ ശക്തികളും തമ്മിലുള്ള ദ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയത്തെ കൊണ്ടുപോകാനാണ് രണ്ട് പാര്‍ട്ടികളും ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ നിലപാടുകള്‍ക്ക് ശക്തിപകരുകയാണ് കോണ്‍ഗ്രസും ലീഗും ചെയ്യുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വര്‍ഗീയ കൂട്ടുകെട്ടിനെ തുറന്നെതിര്‍ക്കാന്‍ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ മുന്നോട്ടുവരണം. കേരള രാഷ്ട്രീയത്തിലെ ഇത്തരം കൂട്ടുകെട്ടുകള്‍ക്കെതിരെ ജനാധിപത്യ ശക്തികളെ ഏകോപിപ്പിക്കേണ്ട കാലഘട്ടമാണിത്. ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരെ പരമാവധി ഏകീകരിച്ചുകൊണ്ട്  ഈ വിപത്തിനെ നേരിടാന്‍ രംഗത്തിറങ്ങണമെന്ന് സിപിഐ എം അഭ്യര്‍ഥിക്കുന്നു.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരം മുന്നണികളെ പരാജയപ്പെടുത്തണമെന്നാണ് സിപിഐ എം ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ ഒരു തരത്തിലും അനുവദിക്കരുത്. ഒരു പഴുതും അവര്‍ക്ക് നല്‍കരുത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.


03-Jul-2020