നേരത്തെ ജൂലായ് 15നു ശേഷം അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുമെന്ന രീതിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍

അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം ഇന്ത്യ ജൂലായ് 31 വരെ നീട്ടിയത് അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഗള്‍ഫിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തത് ജോലിയെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് മലയാളികളക്കമുള്ള പ്രവാസികള്‍.

ആയിരക്കണക്കിന് പ്രവാസികളാണ് അവധി കഴിഞ്ഞിട്ടും തിരിച്ചുവരാനാകാതെ നാട്ടില്‍ കഴിയുന്നത്. മാര്‍ച്ച് 25 ന് ഇന്ത്യ രാജ്യവ്യാപക ലോക്ഡൗണ്‍ ആംഭിക്കുംമുന്‍പ് നാട്ടില്‍ ചെറിയ അവധിക്കും ഒരുമാസ അവധിക്കും  ഗള്‍ഫില്‍നിന്നും എത്തിയവരാണ് ഇതില്‍ ഭൂരിഭാഗവും. കുടുംബത്തെ ഗള്‍ഫിലാക്കി നാട്ടില്‍ അടിയന്തിരാവശ്യത്തിന് വന്നവരും ലോക്ഡൗണില്‍ പെട്ടു.

സൗദിയില്‍ നിന്നും ആറുമാസ അവധിക്ക് ആയിരക്കണക്കിന് പേരാണ് നാട്ടില്‍ പോയിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നാട്ടിലെത്തിയ ഇവരും തിരിച്ചുവരാനാകാതെ പ്രയാസപ്പെടുകയാണ്. റീ എന്‍ട്രി കാലാവധി അവസാനിക്കുംമുന്‍പ് തിരിച്ച് പോയില്ലെങ്കില്‍ വിസ നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. ചെലവിട്ട പണം ഇല്ലാതെ പോലും പലരും ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസാ കാലാവധി അവസാനിക്കുമെന്ന ഭീതിയും പലര്‍ക്കുമുണ്ട്. 

വിവിധ ഗള്‍ഫ് രാജ്യങ്ങളും വൈകാതെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ലോക്ഡൗണ്‍ കാലത്ത് വളരെ അപൂര്‍വമായി മാത്രമാണ് നാട്ടില്‍ നിന്നും ആളുകളുമായി ഗള്‍ഫിലേക്ക് വിമാനമെത്തിയത്.നേരത്തെ ജൂലായ് 15നു ശേഷം അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുമെന്ന രീതിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍. ഇതിനാല്‍ കൊച്ചി, കോഴിക്കോട് അടക്കം ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളിലേക്ക് ജൂലായ് 16 മുതല്‍ അബുദാബിയുടെ എത്തിഹാദ് എയര്‍ലൈന്‍സ് സര്‍വീസ് പ്രഖ്യാപിച്ചു.

 വിവിധ എയര്‍ ലൈന്‍സുകളും സമാനമായ തയ്യാറെടുപ്പ് തുടങ്ങി. തുടര്‍ന്ന് പ്രവാസികള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിനിടെയാണ് വെള്ളിയാഴ്ച വിമാന സര്‍വീസ് നിരോധനം കേന്ദ്രം നീട്ടിയത്.കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നീക്കി ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൊതു, സ്വകാര്യ മേഖലകള്‍ പഴയ പോലെ ചലിച്ചു തുടങ്ങി. ഗള്‍ഫില്‍ നിന്നും നാട്ടിലേക്കുള്ള ഒഴുക്ക് ഗണ്യമായി കുറഞ്ഞു. യുഎഇയില്‍ അവധിക്ക് പോയ വിദേശ തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തിരിച്ചുവരാന്‍ തുടങ്ങി.

എന്നാല്‍, ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധിച്ചതിനാല്‍ ഈ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നില്ല. തിരിച്ചുവരുന്ന പ്രവാസികളുടെ കാര്യത്തില്‍ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവര്‍ക്ക് കോവിഡ് ടെസ്റ്റ് കുവൈത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

04-Jul-2020