ചൈനയിൽ അഞ്ചു പേർക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു
അഡ്മിൻ
പാകിസ്ഥാനിൽ കോവിഡ് രോഗികളേക്കാറെ രോഗമുക്തരെന്ന് സർക്കാർ. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2,21,896 പേർക്കാണ്. ഇതിൽ 1,13,623 പേർക്ക് രോഗം ഭേദമായി. നിലവിൽ 1,08,273 രോഗികൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 78 പേർ മരിച്ചതോടെ ആകെ മരണം 4551. 2479 പേർ ഗുരുതരാവസ്ഥയിലാണ്.
●നേപ്പാളിൽ രോഗികളിൽ റെക്കോഡ് വർധന. 24 മണിക്കൂറിനിടെ 823 കോവിഡ് രോഗികൾ. ഇതോടെ ആകെ രോഗികൾ 15,259 ആയി. രോഗമുക്തി നേടിയവർ 6143. 9084 രോഗികൾ ചികിത്സയിലുണ്ട്. മരണം 32. ●ചൈനയിൽ അഞ്ചു പേർക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ●കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് അൻ. ഇതുവരെ ഒരു കോവിഡ് രോഗി പോലും ഉത്തര കൊറിയയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ●ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിൽ 124 പേർക്കുകൂടി രോഗം. അടുപ്പിച്ച് രണ്ടാം ദിനമാണ് രോഗികൾ 100 കടക്കുന്നത്. രോഗ ഉറവിടമായ നിശാ ക്ലബ്ബുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ചു. രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന് മുൻകരുതൽ സ്വീകരിക്കുമെന്ന് ടോക്യോ ഗവർണർ യുറിക്കോ കോയിക്. ●സിംഗപ്പൂരിൽ രോഗബാധിതർ കൂടുന്നതിനാൽ നിയന്ത്രണം പിൻവലിക്കുന്നത് ജാഗ്രതയോടെയാകുമെന്ന് സിംഗപ്പൂർ സർക്കാർ. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 169 പേരിൽ 158 പേരും ഡോർമിറ്ററിയിൽ താമസിക്കുന്ന വിദേശത്തൊഴിലാളികളാണ്. ആകെ രോഗികൾ 44,479. മരണം 26.
ദക്ഷിണാഫ്രിക്കയിൽ പിടിമുറുക്കുന്നു ജോഹന്നാസ്‌ബർഗ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് ക്രമാതീതമായി ഉയരുന്നു. വെള്ളിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8728 ആയി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതുവരെ രണ്ടായിരത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികളെ പരിചരിക്കുന്ന ആശുപത്രികൾ നിറഞ്ഞു കവിയുകയാണ്.
കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വ്യാപാരം പുനരാരംഭിച്ചിരുന്നു. ജൂണിൽ 30 ശതമാനമായാണ് തൊഴിലില്ലായ്മയും വർധിച്ചത്. ഇതുമൂലം പട്ടിണിയും കൂടി. വ്യാപനം തടയാൻ വീണ്ടും ജോഹന്നാസ്‌ബർഗിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. 40,000 –-70,000 വരെ കോവിഡ് മരണങ്ങൾ വരെ ദക്ഷിണാഫ്രിക്കയിലുണ്ടാകുമെന്ന് വിദഗ്‌ധർ പറയുന്നു.