കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌

വിഖ്യാത കൊമ്പു വാദ്യകലാകാരൻ ചെങ്ങമനാട് അപ്പു നായർ (85)അന്തരിച്ചു. പല്ലാവൂർ പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

തൃശൂർ പൂരമുൾപ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങൾക്കെല്ലാം കൊമ്പു പ്രമാണം വഹിച്ചിട്ടുണ്ട്. കൊമ്പുവാദനത്തിലെ നായത്തോട് ശൈലിയുടെ ശക്തനായ പ്രയോക്താവായിരുന്നു.ഭാര്യ:ചിറ്റേത്ത് രാജമ്മ. മക്കൾ : പ്രസന്ന, ഹരിക്കുട്ടന്‍, സുശീല, രാജി, ബിന്ദു.

തുരുത്തിശ്ശേരി എന്ന ഗ്രാമത്തില്‍ എടയാക്കുടി നാരായണന്‍ നായരുടെയും കോച്ചേരി ജാനകിയമ്മയുടെയും മകനായി ജനനം. അപ്പു നായര്‍ കൊമ്പുവാദനത്തിന്‍റെ പാഠക്കൈകള്‍ വശത്താക്കിയത് ചെങ്ങമനാട് ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്ന അച്ഛനില്‍ നിന്നു തന്നെയാണ്. പത്തു വയസില്‍ ചെങ്ങമനാട്ടപ്പന്‍റെ ശീവേലികള്‍ക്ക് കൊമ്പൂതി പ്രദക്ഷിണം വച്ച് തുടങ്ങിയതാണ് അപ്പു ആശാന്‍റെ കലാജീവിതം.

കൊമ്പ് വാദനത്തില്‍ ഒന്നിനൊന്ന് മികച്ചതാണ് കണിമംഗലം, മച്ചാട്, നായത്തോട്, വടക്കന്‍ എന്നീ നാല് ശൈലികള്‍. അതില്‍ ശ്രുതിമധുരവും സംഗീതസാന്ദ്രവുമായ നായത്തോട് ശൈലിയുടെ ഏറ്റവും ശക്തരായ പ്രയോക്താക്കളില്‍ അദ്വിതീയനാണ് അപ്പു ആശാന്‍.കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

 

04-Jul-2020