സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിര്‍ത്തി കടന്ന് ദിവസംതോറുമുളള പോക്കുവരവ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കും.ഇവിടെ ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്കും കാസര്‍കോട്ടേക്കുമെത്തുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നതായി കാണുന്നതിനാല്‍ ദിവസേനയുള്ള പോക്കുവരവ് അനുവദിക്കാനാവില്ല. ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടതാണെങ്കില്‍ അവര്‍ ദിവസേന എന്നത് അവസാനിപ്പിച്ച് മാസത്തില്‍ ഒരു തവണ വരുന്ന രീതിയില്‍ ക്രമീകരിക്കണം.
ഐടി മേഖയില്‍ മിനിമം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുളള സാഹചര്യമുണ്ടാക്കും. ട്രിപ്പിള്‍ ലോക്‌ഡൗണിന്റെ ഭാഗമായി ടെക്‌നോ പാര്‍ക്കിലെ സ്ഥാപനങ്ങള്‍ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അവിടെ മിനിമം പ്രവര്‍ത്തന സൗകര്യം അനുവദിക്കും. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുക. മന്ത്രിമാരുടെ ഓഫീസുകളും മിനിമം സ്റ്റാഫിനെ നിര്‍ത്തിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന നില സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.