സ്വപ്‌ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ളാറ്റിൽ ചൊവ്വാഴ്‌ച കസ്‌റ്റംസ്‌ റെയ്‌ഡ്‌ നടത്തി


സ്വർണക്കടത്തുകേസിൽ ഒളിവിൽപോയ സ്വപ്‌ന സുരേഷ് ഐടി വകുപ്പ് ജീവനക്കാരിയല്ല. അവർക്ക്‌ ശമ്പളം നൽകുന്നതും സംസ്ഥാന സർക്കാർ അല്ല. കേരള ഐടി ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡിന്റെ സ്‌പേസ് പാർക്ക് സെല്ലിങ്ങുമായി ബന്ധപ്പെട്ട് കൺസൾട്ടന്റായ പിഡബ്ല്യുസി കമ്പനി വിഷൻടെക് എന്ന കമ്പനിയെയാണ് ജീവനക്കാരെ നിയമിക്കാൻ ചുമതലപ്പെടുത്തിയത്.  വിഷൻടെക്കിന്റെ ജീവനക്കാരിയാണ് സ്വപ്‌ന. കൺസൾട്ടൻസി കമ്പനിയും വിഷൻ ടെക്കും തമ്മിലുള്ള കരാർ പ്രകാരമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.

സ്വപ്‌ന പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത് അബുദാബിയിലെ അൽ ദിയാർ ഹോട്ടലിലെ ഷാലിമാർ ബംഗാളി ഡാൻസ് ക്ലബ് എന്ന ബാർ നടത്തിപ്പുമായി ബന്ധപ്പെട്ടാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മുതിർന്ന കോൺഗ്രസ് നേതാവിന്റെ മക്കളാണ് ഹോട്ടൽ നടത്തിയിരുന്നത്‌. 10 ലക്ഷം ദിർഹമാണ് ഇരുവരും മുതൽ മുടക്കിയിട്ടുള്ളതെന്നാണ്‌ റിപ്പോർട്ട്‌.

പഠനം ദുബായിൽ, പരിധിവിട്ട സൗഹൃദങ്ങൾ
തിരുവനന്തപുരം ബാലരാമപുരത്താണ്‌ സ്വപ്‌നയുടെ കുടുംബ വീട്‌. അച്ഛൻ സുരേന്ദ്രന്‌ ദുബായിലായിരുന്നു ജോലി. സ്വപ്‌ന സ്‌കൂൾതലം വരെ പഠിച്ചതും വളർന്നതും ദുബായിൽ‌. തിരുവനന്തപുരത്തെ കോളേജ്‌ വിദ്യാഭ്യാസത്തിനിടെയുണ്ടായ സൗഹൃദത്തിലുള്ള‌ ഒരാളുമായിട്ടായിരുന്നു ആദ്യ വിവാഹം. ഇദ്ദേഹവുമായി ചേർന്ന്‌ ദുബായിൽ‌ ഹോട്ടൽ വ്യവസായം തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഈ ബന്ധത്തിൽ ഒരു മകളുണ്ട്‌. പിന്നീട്‌ ഇരുവരും തെറ്റി. വിവാഹ മോചനം നേടിയ സ്വപ്‌നയ്‌ക്ക്‌ തലസ്ഥാനത്ത്‌ വ്യവസായികളുൾപ്പെടെ ചിലരുമായും പരിധി വിട്ട സൗഹൃദമുണ്ടായിരുന്നു.

പിന്നീട്‌ ദുബായിലേക്ക്‌ തിരികെ പോയെങ്കിലും 2010ൽ മടങ്ങിവന്ന്‌ ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചു. ഈ സമയത്താണ്‌ വീണ്ടും വിവാഹിതയായത്‌. യുഎഇ കോൺസുലേറ്റിൽ ജോലി കിട്ടിയതോടെ സ്വപ്‌നയുടെ സൗഹൃദ വലയം വിപുലമായി‌. മുടവൻമുഗളിലെ ഫ്‌ളാറ്റിലായിരുന്നു താമസം. പിന്നീട്‌ വട്ടിയൂർക്കാവിലേക്ക്‌ മാറി. ഇപ്പോൾ അമ്പലമുക്കിൽ എസ്‌ഐ പ്രോപ്പർട്ടി ഫ്‌ളാറ്റിലാണ്‌ താമസം. കള്ളക്കടത്ത്‌ കേസിൽ കസ്‌റ്റംസ്‌ അന്വേഷണം ശക്തമാക്കിയതോടെ സ്വപ്‌നയും ഭർത്താവും ഒളിവിലാണ്‌.

സ്വപ്‌നയുടെ ഫ്‌ളാറ്റിൽ റെയ്‌ഡ്‌
സ്വർണക്കടത്ത്‌ കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ സ്വപ്‌ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്‌ളാറ്റിൽ ചൊവ്വാഴ്‌ച കസ്‌റ്റംസ്‌ റെയ്‌ഡ്‌ നടത്തി. സ്വർണക്കടത്തിന്റെയും വിദേശ യാത്രകളുടെയും രേഖകൾ ലഭിച്ചു.  ഇതിൽ സരിത്തുമായി വിദേശ രാജ്യങ്ങൾ സന്ദർശിച്ച രേഖയുമുണ്ട്‌. സുപ്രധാന തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ സ്വപ്‌നയെ ഉടൻ പ്രതിചേർക്കും. രാവിലെ ആരംഭിച്ച റെയ്‌ഡ്‌ വൈകിട്ടോടെ അവസാനിച്ചു‌. മകളുടെ ഇത്തരം ഇടപാടുകളെക്കുറിച്ച്‌ തനിക്ക്‌ അറിയില്ലെന്നും സത്യം പുറത്ത്‌ വരട്ടെയെന്നും സ്വപ്‌നയുടെ അമ്മ പ്രതികരിച്ചു.

 

08-Jul-2020