കോവിഡ്‌ കാലത്തെ ക്രിക്കറ്റ്‌ കളിക്കായി രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ട്


നാലുമാസത്തെ ഇടവേളയ്‌ക്കുശേഷം ക്രിക്കറ്റ്‌ മൈതാനങ്ങൾ ഉണരുന്നു. ക്രിക്കറ്റിന്റെ ജന്മനാടായ ഇംഗ്ലണ്ടിലാണ്‌ പുനരാരംഭം. ഇംഗ്ലണ്ടും വെസ്‌റ്റിൻഡീസും  തമ്മിലുള്ള മൂന്നുമത്സര പരമ്പരയിലെ ആദ്യ ടെസ്‌റ്റ്‌ ഇന്ന്‌ സതാംപ്‌ടണിലെ റോസ്‌ബൗൾ സ്‌റ്റേഡിയത്തിൽ തുടങ്ങും. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും കളി. സ്‌റ്റേഡിയത്തിൽ കാണികൾക്ക്‌ പ്രവേശനമില്ല. പന്തിന്‌ തിളക്കംകൂട്ടാൻ തുപ്പൽ ഉപയോഗിക്കാൻ പാടില്ല. കളിക്കാർ കൈകൊടുക്കാനോ കൂട്ടംചേർന്ന്‌ ആഘോഷിക്കാനോ പാടില്ല. കളിക്കിടെ കോവിഡ്‌ ബാധിച്ചാൽ പകരക്കാരനെ ഇറക്കാനും അനുമതിയുണ്ട്‌.

കോവിഡ്‌ കാലത്തെ ക്രിക്കറ്റ്‌ കളിക്കായി രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ട്‌. പന്തിൽ തുപ്പൽ പുരട്ടുന്നത്‌ ശ്രദ്ധയിൽപ്പെട്ടാൽ അമ്പയർ താക്കീത്‌ നൽകും. രണ്ടുതവണ ഇത്‌ ലംഘിച്ചാൽ അഞ്ച്‌ റൺ ബാറ്റിങ് ടീമിന്‌ കിട്ടും. ടെസ്‌റ്റിൽ ഒരു ടീമിന്‌ മൂന്ന്‌ റിവ്യൂവും ഏകദിനത്തിൽ രണ്ട്‌ റിവ്യൂവും അനുവദിക്കും. നിഷ്‌പക്ഷ അമ്പയർമാർക്കുപകരം ആതിഥേയ രാജ്യത്തിലുള്ളവർക്കും കളി നിയന്ത്രിക്കാൻ അനുമതിയുണ്ട്‌.

ഫെബ്രുവരി 29 മുതൽ മാർച്ച്‌ രണ്ടുവരെയായിരുന്നു കോവിഡിന്‌ മുമ്പത്തെ അവസാന ടെസ്‌റ്റ്‌. ക്രൈസ്‌റ്റ്‌ചർച്ചിൽ നടന്ന ഈ ടെസ്‌റ്റിൽ ന്യൂസിലൻഡ്‌ ഇന്ത്യയെ തോൽപ്പിച്ചു. മാർച്ച്‌ 13നായിരുന്നു അവസാന ഏകദിനം. ഓസ്‌ട്രേലിയ 71 റണ്ണിന്‌ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. ഇംഗ്ലീഷ്‌ ടീമിനെ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ്‌ നയിക്കും എന്നതാണ്‌ സവിശേഷത. ക്യാപ്‌റ്റൻ ജോ റൂട്ട്‌ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്‌ അവധിയിലാണ്‌.



08-Jul-2020