കൂടുതൽ സമ്പർക്ക രോഗികൾ തിരുവനന്തപുരത്ത്

ആശങ്കയുണർത്തി‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെയും പ്രതിദിന രോഗികളുടെയും ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനം. ചൊവ്വാഴ്‌ച 272 പേർക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 68 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്‌. ഇതിൽ 15 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല‌. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ രോഗികളുടെ എണ്ണമാണ്‌ ചൊവ്വാഴ്‌ചയുണ്ടായത്‌.

വ്യത്യസ്തമായ സ്ഥിതിയിലേക്ക് ‌കാര്യങ്ങൾ നീങ്ങുന്നു
സാധാരണയിൽനിന്ന്‌ വ്യത്യസ്തമായ സ്ഥിതിയിലേക്ക് ‌കാര്യങ്ങൾ നീങ്ങുന്നുവെന്ന സൂചനയാണിതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില മേഖലകളിൽ അയവ്‌ വന്നതിന്റെ പ്രതിഫലനം കണക്കുകളിലുണ്ട്‌. ചെറിയ അശ്രദ്ധ പോലും ഏത്‌ നിമിഷവും സൂപ്പർ സ്‌പ്രെഡിനും സാമൂഹ്യവ്യാപനത്തിനും കാരണമായേക്കാം. നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. അശ്രദ്ധ സ്വന്തം ജീവൻ മാത്രമല്ല, പ്രിയപ്പെട്ടവരുടെ ജീവൻ കൂടിയാണ്‌ അപകടത്തിലാക്കുകയെന്ന ഓർമ വേണം. മികച്ച രീതിയിൽ ഇതുവരെ രോഗത്തെ ചെറുത്ത്‌ നിർത്താനായി. ജനസാന്ദ്രത കൂടിയ നഗരങ്ങളിൽ എളുപ്പത്തിൽ രോഗം പടരും‌. രാജ്യത്തിന്റെയാകെ അനുഭവം ഇതാണ്‌. നഗരങ്ങളിലേക്ക്‌ കച്ചവടത്തിനും മറ്റും വരുന്നവരിലൂടെ ഗ്രാമങ്ങളിലേക്കും രോഗം എത്തും (സെൻട്രി പെറ്റൽ ഇഫക്ട്‌). സംസ്ഥാനത്തിന്റെ ജനസാന്ദ്രത കണക്കിലെടുത്ത്‌ ഇതിന്‌ സാധ്യത കൂടുതലാണ്‌.

ക്വാറന്റൈൻ ഉറപ്പാക്കാൻ മിന്നൽ പരിശോധന
സംസ്ഥാനത്തേക്ക്‌ മടങ്ങിയെത്തുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ ജില്ലയിലെ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ മിന്നൽ സന്ദർശനം നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് നിരീക്ഷണത്തിൽ ഉള്ളവരുടെ വീട്ടിൽ ഇത്തരത്തിൽ സന്ദർശനം നടത്തി. 

ക്വാറന്റൈൻ ലംഘിച്ച 13 പേർക്കെതിരെ ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്ത 4817 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. കരാറുകാരും ഏജന്റുമാരും ഇത്‌ ഉറപ്പാക്കണം.ക്രിമിനൽ കേസിൽ കുറ്റാരോപിതരാകുന്നവർക്ക് കോവിഡ് പരിശോധനാഫലം 48 മണിക്കൂറിനകം ലഭ്യമാക്കണമെന്ന് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.

കൂടുതൽ സമ്പർക്ക രോഗികൾ തിരുവനന്തപുരത്ത്
ട്രിപ്പിൾ ലോക്‌ഡൗൺ ഉള്ള തിരുവനന്തപുരത്താണ്‌ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ. നഗരത്തിനകത്തും പുറത്തുമായി- 42 പേർ. തിരുവനന്തപുരത്ത്‌ സംഭവിച്ചത്‌ മറ്റ്‌ നഗരങ്ങളിൽ സംഭവിച്ചുകൂടാ. നഗരങ്ങളിൽ നിയന്ത്രണം ശക്തമാക്കും. കൊച്ചിയിലെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി റേറ്റ്‌ സംസ്ഥാന ശരാശരിക്ക്‌ മുകളിലാണ്‌. ഇത്‌  ആശങ്ക സൃഷ്ടിക്കുന്നതാണ്‌. അവിടെ ടെസ്‌റ്റുകളുടെ എണ്ണം കൂട്ടും. സൈനിക–- അർധസൈനികർക്കിടയിലെ രോഗവ്യാപനവും ആശങ്ക ഉളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

08-Jul-2020