സ്വർണ്ണ കടത്ത് കേസിൽ ഒളിവിൽ പോയെന്ന് പറയപ്പെടുന്ന സന്ദീപ് നായർ സിപിഎം പ്രവർത്തകൻ ആണെന്ന വ്യാജ വാർത്ത യാതൊരു അന്വഷണവും കൂടാതെ പ്രചരിപ്പിച്ച വാർത്താമാധ്യമങ്ങൾക്കെതിരെ നിയമനടപടി എടുക്കുമെന്ന് സിപിഎം ജില്ല നേതൃത്വം അറിയിച്ചു. സന്ദീപ് നായരുടെ അമ്മ പറഞ്ഞു എന്നാണ് മാധ്യമ വാർത്ത. എന്നാൽ ഇത്രയും വിവാദമായ ഒരു വിഷയത്തിൽ ഇത്തരത്തിൽ ഒരു വാർത്ത നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട പാർട്ടി നേതൃത്വത്തോട് വസ്തുത അന്വഷിക്കാനുള്ള സാമാന്യ മര്യാദ കാണിക്കാൻ ഈ മാധ്യമങ്ങൾ തയ്യാറായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. സന്ദീപിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. അയാൾ ബിജെപി യുടെ ഉന്നത നേതാക്കളുടെ സിൽബന്ധി ആണെന്ന് അയാൾ തന്നെ സ്വന്തം ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. മാത്രമല്ല കുമ്മനം രാജശേഖരനെ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം വസ്തുതകളാണ് മുന്നിൽ ഉള്ളപ്പോഴും മാധ്യമങ്ങൾ തങ്ങളുടെ സിപിഎം വിരുദ്ധത മനസ്സിൽ വച്ച് നടത്തിയ ഈ കുപ്രചാരണത്തിനെതിരെ നിയമനടപടി എടുക്കുക അല്ലാതെ മറ്റ് മാർഗമില്ല എന്നും ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കൾ പ്രതികരിച്ചു.